KeralaLatest NewsNews

നിസാമിന്റെ 5000 കോടിയുടെ ബിസിനസ്സ് സാമ്രാജ്യം പിടിച്ചടക്കാന്‍ സഹോദരങ്ങള്‍ കരുക്കള്‍ നീക്കി : ഒന്നും ചെയ്യാനാകാതെ ജയിലഴിയ്ക്കുള്ളില്‍ നിസാം

 

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന്റെ 5000 കോടിയുടെ ബിസിനസ്സ് സാമ്രാജ്യം സഹോദരന്‍മാര്‍ പിടിച്ചടക്കുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായാണ് നിസാമിന്റെ കമ്പനികളിലെ വിശ്വസ്തര്‍ നല്‍കുന്ന മറുപടി. ഇവര്‍ ഇക്കാര്യം നിസാമിനെ അറിയിച്ചതായാണ് വിവരം.

ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനല്‍വേലിയില്‍ ബീഡികമ്പനിയും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു നിസാമിന് ഒട്ടേറെ ബിസിനസുകളും ഉണ്ടായിരുന്നു. നിസാം അകത്തായതോടെ ഈ സ്ഥാപനങ്ങളുടെ എല്ലാം നിയന്ത്രണം സഹോദരങ്ങള്‍ക്കായി. 38 കൊല്ലത്തോളം നിസാമിന് ജയിലില്‍ കിടിക്കേണ്ടി വരുന്ന തരത്തിലായിരുന്നു ചന്ദ്രബോസ് വധക്കേസിലെ ശിക്ഷാ വിധി. ഇത് അനുസരിച്ച് എണ്‍പത് വയസ്സുവരെ ജയിലില്‍ കിടക്കണം. ഇത് മനസ്സിലാക്കിയാണ് സഹോദരങ്ങള്‍ സ്വത്തില്‍ കണ്ണ് വച്ചത്.

എന്നാല്‍ ഇതെല്ലാം ജയിലില്‍ കിടന്ന് നിസാം മനസ്സിലാക്കി. തന്നേയും തന്റെ ഭാര്യയേയും ഒഴിവാക്കി സ്വത്തുക്കള്‍ അടിച്ചെടുക്കാനുള്ള നീക്കത്തോട് പ്രതികരിച്ചു. സ്ഥാപനത്തില്‍ നിസാം നിയോഗിച്ച വിശ്വസ്തര്‍ ഇപ്പോഴുമുണ്ട്. ഇവരാണ് നിസാമിന്റെ അനുമതിയില്ലാതെ കമ്പനികളില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയിച്ചത്. ഇത് ചോദ്യം ചെയ്തു. സഹോദരര്‍ ചതിക്കില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ സമര്‍ത്ഥമായി കരുക്കള്‍ നീക്കിയ സഹോദര്‍ നിസാമിന്റെ ഫോണ്‍ പോലും റിക്കോര്‍ഡ് ചെയ്തു. അകല്‍ച്ച തുടങ്ങിയതോടെ നിസാമിനെ ഒറ്റാന്‍ സഹോദരങ്ങള്‍ തീരുമാനിച്ചു.

പണത്തിന് മുകളില്‍ കിടന്നുറങ്ങിയ അഢംബരത്തിന്റെ അവസാന വാക്കായ വ്യവസായി ആയിരുന്ന മുഹമ്മദ് നിസാമിന്റെ പതനം ആരംഭിച്ചത് ചന്ദ്രബോസ് എന്ന സാധാരണക്കാരനെ ആഡംബര വാഹനം ഇടിപ്പിച്ചും മര്‍ദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു.

സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകള്‍ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകള്‍ മാത്രം നിസാമിന് ഉണ്ടായിരുന്നു. മകനെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ട്. ആറു കോടിയിലധികം വിലയുള്ള റോള്‍സ്റോയ്സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോര്‍ഗ്നി, ജാഗ്വാര്‍, ആസ്റ്റന്‍ മാര്‍ട്ടിന്‍, റോഡ് റെയ്ഞ്ചര്‍, ഹമ്മര്‍, പോര്‍ഷേ, ഫെരാരി, ബി.എം.ഡബ്ലിയു എന്നിവയുടെ വിവിധ മോഡലുകള്‍ നിസാമിനുണ്ട്. നിസാം ബൈക്കുകള്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചത് അസ്ഥികൂടങ്ങള്‍ വരെയായിരുന്നു എന്നതും പുറത്തുവന്ന വാര്‍ത്തകളായിരുന്നു. തലയോട്ടിയും വാരിയെല്ലും കാലുകളും ഉള്‍പ്പെടെ ബൈക്കോളം നീളമുള്ള അസ്ഥികൂടം. പുകക്കുഴല്‍ മറച്ച് ഇരുമ്പ് ചങ്ങലകളാല്‍ ബലമായി ഘടിപ്പിച്ചിരിക്കുന്നു. അസ്ഥികൂടം ചാര്‍ത്തിയ ബൈക്കിനൊപ്പം കാറുകള്‍ വാങ്ങിക്കൂട്ടിയും നിസാം ലഹരികാട്ടി. കോടികള്‍ വിലമതിക്കുന്ന കാറുകള്‍ക്ക് ഇഷ്ടനമ്പറായ 777 ലഭിക്കാനും ലക്ഷങ്ങള്‍ മുടക്കി.

തൃശൂര്‍, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങള്‍ ഉള്ളത്. കൊലക്കേസില്‍ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു.

നിസാം തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നിഷാമിന്റെ കമ്പനി മാനേജര്‍ വീണ്ടും പരാതി നല്‍കിയതോടെയാണ് നിസാമിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള സഹോദരന്‍മാരുടെ ശ്രമങ്ങള്‍ പുറത്തേയ്ക്ക് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button