വഡോധര : സാമ്പത്തിക പരിഷ്‌കാരം തുടരുമെന്നും സുപ്രധാന തീരുമാനങ്ങള്‍ ഇനിയും വരുമെന്നും നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്ത് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പു കമ്മിഷനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. ഭരണഘടനാ സ്ഥാപനത്തെ ചോദ്യംചെയ്യാനുള്ള ധാര്‍മികാവകാശം കോണ്‍ഗ്രസിനില്ല. ഹിമാചലിനൊപ്പം ഗുജറാത്തില്‍ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാത്ത കമ്മിഷന്‍ നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.
വികസനത്തിനായി നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പമാണു തന്റെ സര്‍ക്കാര്‍. വികസനവിരുദ്ധ സംസ്ഥാനങ്ങള്‍ക്ക് ഒന്നും നല്‍കില്ലെന്നും മോദി പറഞ്ഞു.
ജിഎസ്ടിയില്‍ റജിസ്റ്റര്‍ ചെയ്യുന്ന വ്യാപാരികളുടെ മുന്‍കാല കണക്കുകള്‍ ഇന്‍കം ടാക്‌സ് വകുപ്പ് പരിശോധിക്കില്ല. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണ്. ജിഎസ്ടിയില്‍ 27 ലക്ഷം പേര്‍ പുതുതായി റജിസ്റ്റര്‍ ചെയ്തു. ചെക് പോസ്റ്റ് പരിശോധന ഇല്ലാതായതോടെ ചെക് പോസ്റ്റുകളിലെ അഴിമതി അവസാനിച്ചു. ഇത്തരം അഴിമതിക്കാരാണ് തന്നോടു പോരിനു വരുന്നത്.
സൗരാഷ്ട്രയെയും ദക്ഷിണ ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന ജലഗതാഗത സംവിധാനത്തിന്റെ ആദ്യഘട്ടം മോദി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയുടെ പേരില്‍ യുപിഎ സര്‍ക്കാര്‍ വച്ചു താമസിപ്പിച്ച പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം മൂന്നാമത്തെ തവണയാണു മോദി സംസ്ഥാനം സന്ദര്‍ശിക്കുന്നത്.
Post Your Comments