Latest NewsKeralaNews

പ്രതിയുടെ വീടിനുള്ളിൽ മൂന്നാമുറ പ്രയോഗിച്ചു ;പൊലീസുകാരന് വിനയായത് വീഡിയോ ദൃശ്യങ്ങൾ

തിരൂര്‍: പൊലീസുകാര്‍ മൂന്നാമുറ പ്രയോഗിക്കരുതെന്ന് പലവട്ടം മുഖ്യമന്ത്രിയും ഡിജിപി ലോക്നാഥ് ബെഹ്റയും സംസ്ഥാനത്തെ പോലീസുകാർക്ക് നിർദ്ദേശങ്ങൾ നൽകിയതാണ്. എന്നാല്‍ ഇതൊന്നും പൊലീസുകാര്‍ കാര്യമായെടുക്കുന്നില്ല എന്നതിന് തെളിവാണ് തിരൂരിലെ സംഭവം.

പന്ത്രണ്ട് വയസ്സുകാരനെ മര്‍ദിച്ചെന്ന പരാതിയില്‍ യുവാവിനെ പിടികൂടാന്‍ വീട്ടിലെത്തിയ പൊലീസ് കാണിച്ച അക്രമങ്ങളുടെ വിഡിയോ വൈറല്‍. തിരൂര്‍ പൂക്കയിലെ വീട്ടിലെത്തി പൊലീസ് വാതില്‍ ചവിട്ടിപ്പൊളിക്കുന്നതും യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും അസഭ്യം പറയുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അറസ്റ്റ് ചെയ്ത യുവാവിനെതിരെ ആരോപിച്ച എഫ്‌ഐആറിലെ കുറ്റകൃത്യങ്ങള്‍ പൊലീസിന് കോടതിയിൽ തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ചിത്രങ്ങളും മറ്റും വിലയിരുത്തി കോടതി യുവാവിന് ജാമ്യം അനുവദിച്ചു.

മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന പരാതിയിലാണ് പൂക്കയില്‍ പുതിയകത്ത് അബ്ദുല്‍ റഷീദിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് വീട്ടിലെത്തിയത്. വീടിന്‍റെ അടഞ്ഞുകിടന്ന വാതില്‍ പൊലീസ് സംഘം ചവിട്ടിപ്പൊളിക്കുന്നതും പിന്നീട് മുറിയില്‍ കയറി യുവാവിനെ വലിച്ചിഴയ്ക്കുന്നതും മര്‍ദിക്കുന്നതും വിഡിയോയില്‍ ഉണ്ട്. പ്രായമായ പിതാവും മാതാവും തടയാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് എതിര്‍ക്കുന്നതും അവരുടെ മുന്നിലിട്ട് മര്‍ദിക്കുന്നതും വ്യക്തമാണ്.

മുറിയില്‍ എത്തിയ പൊലീസിനോട് യുവാവ് സ്വമേധയാ വരാമെന്ന് അറിയിച്ചിട്ടും ബലമായി പിടികൂടി വലിച്ചിഴച്ചു. ചോദ്യം ചെയ്യാനെത്തിയ പരിസരവാസികളോട് പൊലീസ് തട്ടിക്കയറുന്നതും വീട്ടുകാരുടെ നിലവിളിയും വിഡിയോയില്‍ വ്യക്തമാണ്. എന്നാല്‍, അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതിയും വീട്ടുകാരും പൊലീസ് സംഘത്തെ ആക്രമിച്ചെന്നാണ് എഫ്‌ഐആറിലെ കേസ്. വനിത ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റതായി അറിയിച്ച്‌ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button