Latest NewsNewsIndia

പുതിയ 2000,500 രൂപ നോട്ടിന്റെ സുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: പുതിയ 2000,500 രൂപ നോട്ടിന്റെ സുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്‌. 30 അതീവ സുരക്ഷാ സവിശേഷതകളില്‍ 15 എണ്ണം കള്ളനോട്ട് മാഫിയയ്ക്ക് പകര്‍ത്താന്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് മുംബൈയില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കേസിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയും സിബിഐയും ശേഖരിച്ചു. കേസ് താമസിയാതെ എന്‍ഐഎയോ സിബിഐയോ ഏറ്റെടുക്കുമെന്നാണ് സൂചന.

കള്ളനോട്ടടി സംഘത്തിന് പുതിയ 500 രൂപ 2000 രൂപ നോട്ടുകളുടെ 15ഓളം സവിശേഷതകള്‍ കര്‍ത്താന്‍ കഴിഞ്ഞുവെന്നത് അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ബംഗ്ലാദേശിലെ ഇസ്ലാമപുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കള്ളനോട്ടടി സംഘമാണ് ഈ നോട്ടുകള്‍ അച്ചടിച്ചത്. പിടിച്ചെടുത്ത കള്ളനോട്ടുകളുടെ സവിശേഷതകളെ കുറിച്ച്‌ നാസിക് നോട്ടടി കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഐയെയോ സിബിഐയോ അന്വേഷണം ഏറ്റെടുക്കുന്ന തരത്തിലേക്ക് കേസിന്റെ ഗതി മാറുന്നത്.

‘മഷിയും പേപ്പറും ഏറ്റവും ഗുണമേന്‍മയുള്ളതായിരുന്നു. വാട്ടര്‍ കളര്‍ മാര്‍ക്കുകള്‍ പോലും യഥാര്‍ഥ നോട്ടുകളോട് കിടപിടിക്കുന്നതായിരുന്നു. 15 സവിശേഷതകള്‍ കള്ളനോട്ടില്‍ പകര്‍ത്താനായതിനാല്‍ തന്നെ കള്ളനോട്ടാണെന്ന എളുപ്പം തിരിച്ചറിയാന്‍ കഴിയാതെ പോവുന്നു’ എന്നാണ് അധികൃതര്‍ പറയുന്നത്. ഒരുമാസത്തിനിടെ ആറ് പേരെയാണ് മുംബൈയില്‍ കള്ളനോട്ടുമായി അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 24 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത നോട്ടുകള്‍ നാസിക്ക് നോട്ടടി കേന്ദ്രത്തിലേക്ക് പഠനത്തിനായി അയച്ചപ്പോഴാണ് പുതിയ അതീവ സുരക്ഷാ രഹസ്യങ്ങള്‍ വരെ കള്ളനോട്ടില്‍ പകര്‍ത്താനായ വിവരം മനസ്സിലാക്കാന്‍ സാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button