കോട്ടയം: രണ്ടു മാസം മുമ്പ് പാലായില്‍ നിന്നു സ്കോര്‍പ്പിയോ വാടകയ്ക്കെടുത്ത് തമിഴ്നാട്ടില്‍ മറിച്ചു വിറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം വന്‍ റാക്കറ്റിലേയ്ക്കെന്നു സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി അമ്പതിലേറെ വാഹനങ്ങള്‍ ഈ സംഘം മറിച്ചു വിറ്റതായി പോലീസ് സംശയിക്കുന്നു. ഈ വാഹനങ്ങളില്‍ മിക്കതിന്റെയും ഉടമകള്‍ ഇതുവരെയും പോലീസില്‍ പരാതി നല്‍കിയിട്ടുമില്ല.
പാലായില്‍ രണ്ടു മാസം മുമ്പ് സ്കോര്‍പ്പിയോ മോഷണം പോയതായി ജില്ലാ പോലീസ് മേധാവി വി എം മുഹമ്മദ് റഫീഖിനു പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു ഡിവൈഎസ്പിമാരായ വി ജി വിനോദ്കുമാര്‍, ഇമ്മാനുവേല്‍ പോള്‍, സഖറിയ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പാലാ, രാമപുരം, ഏറ്റുമാനൂര്‍, മണിമല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നു വാഹനങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. തുടര്‍ന്നു പോലീസ് സംഘം വിശദമായി അന്വേഷണം നടത്തുകയായിരുന്നു.
ജില്ലയില്‍ നിന്നു കഴിഞ്ഞ രണ്ടു മാസത്തിനിടെ മറിച്ചു വിറ്റ ഒന്‍പതു വാഹനങ്ങള്‍ കണ്ടെത്തിയ പോലീസ് സംഘം, ഇതുവരെ ഏഴു പ്രതികളെ അറസ്റ്റ് ചെയ്തു. ഏഴാച്ചേരി കൊല്ലപ്പള്ളി ചെറുവള്ളില്‍ വീട്ടില്‍ ജോവാന്‍ ജോബിസ് (22) മറിച്ചു വിറ്റ ഇന്നോവ തമിഴ്നാട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. മണിമല സിഐ ടി ഡി സുനില്‍കുമാര്‍, എസ്‌ഐ പി എസ് വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടില്‍ നിന്നും ഇന്നോവ കണ്ടെത്തിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വാഹനമോഷണവും, വാടകയ്ക്കെടുത്തു മറിച്ചു വില്‍ക്കുന്ന സംഭവങ്ങളുമായി പ്രതികള്‍ക്കു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
Post Your Comments