Latest NewsNewsIndia

രാജ്യത്തെ വിവിധ പാര്‍ട്ടികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്

 

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ പാര്‍ട്ടികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നു. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി, രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ബി.ജെ.പി. ഏറ്റവും അധികം സമ്പന്ന പാര്‍ട്ടിയെന്ന ബഹുമതിയാണത്. 894 കോടിയാണ് ബി.ജെ.പിയുടെ പുറത്തു വന്ന സമ്പാദ്യം.

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2015-16 കാലത്തെ കണക്കനുസരിച്ചാണ് ബിജെപിയുടെ ആകെ ആസ്തിമൂല്യം കണക്കാക്കിയത്. ബിജെപിയ്ക്ക് പുറമേ കോണ്‍ഗ്രസും തൊട്ടുപുറകേയുണ്ട്. 759 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തി. ബിജെപിക്ക് 25 കോടിയുടെ ബാധ്യയുള്ളപ്പോള്‍ കോണ്‍ഗ്രസിന്റേത് 329 കോടിയാണ്.
ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതയായി കണക്കാക്കുന്നത്. 2004-05 മുതല്‍ 2015-16 വരെ വര്‍ഷങ്ങളില്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തി സംബന്ധിച്ച കണക്കുകള്‍ ചേര്‍ത്താണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.

വസ്തുവകകള്‍, പണം, വാഹനം, നിക്ഷേപം, വായ്പകള്‍, പ്രതീക്ഷിത വരുമാനം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ആസ്തി കണക്കാക്കിയത്. 2014-15 വരെ കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ സ്വത്തുണ്ടായിരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ബിജെപി നില മെച്ചപ്പെടുത്തിയത്.
ബാധ്യതകള്‍ ഒഴിവാക്കിയാലും ബിജെപി തന്നെയാണ് ആസ്തിയില്‍ ഒന്നാമത്- 869 കോടി. ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) 557 കോടി, സിപിഎം 432 കോടി എന്നിങ്ങനെയാണ് മറ്റുള്ള പാര്‍ട്ടികളുടെ ആസ്തി.

11 വര്‍ഷത്തെ കണക്കില്‍, ബിജെപിയുടെ ആസ്തിയിലെ വര്‍ധന 700 ശതമാനം. കോണ്‍ഗ്രസിനാകട്ടെ 169 ശതമാനവും. 2004-05ല്‍ ബിജെപിയുടെ ആസ്തിമൂല്യം 123 കോടിയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് ഇക്കാലത്തിനിടെ 13,447 ശതമാനവും ബിഎസ്പിക്ക് 1,194 ശതമാനവുമാണ് ആസ്തി കൂടിയത്. 2004-05ല്‍ ദേശീയ പാര്‍ട്ടികളുടെ ആസ്തികളുടെ ശരാശരി 61.62 കോടി രൂപയായിരുന്നു. 2015-16ല്‍ ഇത് 388.45 കോടിയായി കുതിച്ചുയര്‍ന്നു.

ആസ്തി വര്‍ധനവ് പാര്‍ട്ടിയുടെ സുതാര്യതയാണ് തെളിയിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. ‘ചെക്ക് ആയാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. എല്ലാ ജില്ലകളിലും പാര്‍ട്ടിക്ക് ഓഫിസുകള്‍ നിര്‍മിക്കുന്നുണ്ട്. ആദായ നികുതി റിട്ടേണുകള്‍ കൃത്യമായി നല്‍കുന്നുണ്ട്. സംഭാവനകള്‍ക്കായി കേന്ദ്രീകൃത ബാങ്ക് അക്കൗണ്ട് രൂപീകരിക്കാന്‍ ആലോചിക്കുന്നുമുണ്ട്’- ബിജെപി വക്താവ് ഗോപാല്‍ അഗര്‍വാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button