![](/wp-content/uploads/2022/06/election-commission.jpg)
ഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് ആവശ്യം ഉന്നയിച്ചത്. നിശ്ചിത കാരണങ്ങളുടെ അടിസ്ഥാനത്തിൽ, ജനപ്രാതിനിധ്യ നിയമപ്രകാരം പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഭരണഘടനാപരമായ അധികാരം നല്‍കണമെന്നാണ് ആവശ്യം.
ചില പാർട്ടികൾ കടലാസിലേ ഉള്ളൂവെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ആദായ നികുതി ഒഴിവടക്കമുള്ള ആനുകൂല്യങ്ങൾ നേടാനാണിതെന്ന് കമ്മീഷൻ സംശയം ഉന്നയിച്ചു. അംഗീകാരമില്ലാത്ത പാർട്ടികൾ നടത്തുന്ന അഴിമതിയും മറ്റും കണ്ടെത്തി, തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, കമ്മീഷന് പുതിയ അധികാരം ലഭിക്കണമെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റം വരുത്തേണ്ടി വരും.
ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 59.26 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത, എന്നാൽ അംഗീകൃതമല്ലാത്ത 2800 രാഷ്ട്രീയ കക്ഷികൾ ഉള്ളതായി കമ്മീഷൻ വ്യക്തമാക്കി. എട്ടു പാർട്ടികളാണ് അംഗീകൃത ദേശീയ കക്ഷികളായുള്ളത്. അമ്പതിലേറെ സംസ്ഥാന കക്ഷികളുമുണ്ട്. രജിസ്റ്റർ ചെയ്ത, എന്നാല്‍ അംഗീകാരമില്ലാത്ത 198 രാഷ്ട്രീയ കക്ഷികളെ ഈയിടെ കമ്മീഷൻ രജിസ്റ്ററിൽനിന്ന് നീക്കം ചെയ്തിരുന്നു. സൂക്ഷ്മപരിശോധനയിൽ ഈ പാർട്ടികൾ നിലവിലില്ലെന്നാണ് ബോധ്യപ്പെട്ടതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Post Your Comments