കൊച്ചി: ഗുരുവായൂരില്‍ പോലീസ് വേണമെന്നു ഹര്‍ജി. താല്കാലിക ജീവനക്കാര്‍ക്കു പകരം പോലീസിനെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്യൂ നിയന്ത്രിക്കാന്‍ നിയോഗിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത് തൃശൂര്‍ സ്വദേശി കെ.എസ്. സുബോധാണ്.
താല്കാലിക ജീവനക്കാര്‍ നിര്‍മാല്യം തൊഴാനുള്ള ക്യൂവിലേക്കു സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു. ഇതുമൂലം ഭക്തര്‍ക്കു മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നെന്നും ചോദ്യം ചെയ്താല്‍ ഇവര്‍ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഫെബ്രുവരി 22നു രാത്രി ഒമ്പതിന് ഹര്‍ജിക്കാരനായ സുബോധ് തൊട്ടടുത്ത ദിവസത്തെ നിര്‍മാല്യം തൊഴാന്‍ ക്യൂവില്‍ നിന്നു. തുടർന്ന് നിലവിലെ സംവിധാനമനുസരിച്ചു രാത്രി ഒന്നോടെ ശരീരശുദ്ധി വരുത്താനായി ടോക്കണെടുത്തു പോയി മടങ്ങി വന്നപ്പോള്‍ താല്കാലിക ജീവനക്കാര്‍ ക്യൂവില്‍ നില്ക്കാന് അനുവദിച്ചില്ലെന്നും ചോദ്യം ചെയ്ത തന്നെ തള്ളിത്താഴെയിട്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ക്ഷേത്രത്തിലെ ക്യൂ കോംപ്ലക്സിലും മറ്റു പ്രധാന സ്ഥലങ്ങളിലും സിസിടിവികള്‍ സ്ഥാപിക്കണമെന്നും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പരാതികള്‍ പരിഹരിക്കാന്‍ ഓഫീസറെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
Post Your Comments