തിരുവനന്തപുരം : അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് സിനിമാതാരവും എംപിയുമായ സുരേഷ്‌ഗോപി പറഞ്ഞത് വിവരക്കേടു കൊണ്ടാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ആധ്യാത്മീക കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള വിവരക്കേടാണ് ഇതിന് കാരണമെന്നും കേരളത്തില്‍ ദളിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്നും ശശികല പറഞ്ഞു.
ബ്രാഹ്മണ്യം കര്‍മ്മം കൊണ്ട് നേടുന്നതാണെന്നും ദളിതര്‍ എന്നല്ല പൂജാരിമാരായി വരുന്ന എല്ലാവരും ബ്രാഹ്മണരാണെന്നും പറഞ്ഞ കെപിശശികല പിണറായി സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്നും വ്യക്തമാക്കി.
തിരുവനന്തപുരത്ത് യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു തനിക്ക് അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ്‌ഗോപി വിവാദ പരാമര്‍ശം നടത്തിയത്.
മാംസവും ചോരയുമുള്ള ഈശ്വരന്മാരാണ് പൂണൂല്‍ സമൂഹമെന്നും ബ്രാഹ്മണര്‍ ദൈവ തുല്യരാണെന്നും ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ തനിക്ക് പിന്തുണ നല്‍കുന്ന പൂജാരി സമൂഹത്തെ കണ്‍കണ്ട ദൈവമായിട്ടാണ് കരുതുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു.
പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളായ താന്‍ അതിന്റെ സത്യമെന്താണെന്ന് അനുഭവത്തിലൂടെ നിരന്തരം മനസ്സിലാക്കിയിട്ടുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായി വളമായി അതില്‍ നിന്നും ഒരു ബീജം ഉത്ഭവിച്ച് അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന വര്‍ഗ്ഗത്തില്‍ പെട്ട ശബരിമലയിലെ തന്ത്രിമുഖ്യന്‍ ആകണം എന്നാണ് ആഗ്രഹമെന്നും പൂണൂല്‍സമൂഹത്തെ ആരും അടിച്ചമര്‍ത്താന്‍ പാടില്ലെന്നും ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടുകയും വേണമെന്നാണ് സൂപ്പര്‍താരം വ്യക്തമാക്കിയത്. സുരേഷ്‌ഗോപിയുടെ പ്രസ്താവന സമൂഹത്തിന്റെ വിവിധ തട്ടില്‍ നിന്നും വിമര്‍ശനം ഉയരാന്‍ കാരണമായി.
Post Your Comments