Latest NewsKeralaNews

വി ടി ബൽറാമിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്: ഡി ജി പിക്ക് പരാതി നൽകും: കുമ്മനം

കോട്ടയം:  ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട വി.ടി. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ചെറുതായി കാണാനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ടി പി യെ കൊല്ലിച്ച യഥാർത്ഥ പ്രതികൾ ഇനിയും പിടിയിലായിട്ടില്ല. വി.ടി. ബല്‍റാമിനെ ചോദ്യം ചെയ്യണമെന്നും, ഇതിനായി ഡിജിപിക്ക് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു.

ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി ടി ബൽറാമിന്‍റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. ആദർശ രാഷ്ട്രീയത്തിന് അൽപ്പമെങ്കിലും പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ ബൽറാം ചോദ്യം ചെയ്യലിന് സ്വമേധയാ ഹാജരാകണം. ഇല്ലായെങ്കിൽ ബൽറാമിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സോളാർ സമരം അവസാനിപ്പിക്കാൻ സിപിഎമ്മും യുഡിഎഫും തമ്മിൽ ഉണ്ടാക്കിയ കരാർ എന്താണെന്ന് തുറന്നു പറയണം. വിവിധ മാനങ്ങളുള്ള സോളാർ കേസിന്‍റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കേരളത്തിൽ ഇരു മുന്നണികളും ഒത്തു തീർപ്പു രാഷ്ട്രീയമാണ് നടത്തുന്നതെന്ന ബിജെപിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിൽ സിപിഎം വോട്ടു കിട്ടിയെന്ന കെ മുരളീധരന്‍റെ പ്രസ്താവനയും ഇപ്പോഴത്തെ വി ടി ബൽറാമിന്‍റെ പ്രസ്താവനയും അതിന്‍റെ തെളിവാണ്. ബിജെപിയെ എതിർക്കാൻ കേരളത്തിൽ ഇനി രണ്ടു മുന്നണികളുടെ ആവശ്യമില്ല. യുഡിഎഫും എൽഡിഎഫും ലയിച്ച് ഒന്നാകണം. ആദർശ രാഷ്ട്രീയം പറയുന്ന ഏകെ ആന്‍റണിയും മഹിളാ കോൺഗ്രസ് നേതൃത്വവും ഇപ്പോഴത്തെ സംഭവങ്ങളെപ്പറ്റി മൗനം പാലിക്കുന്നത് ദുരൂഹമാണ്. കേസുമായി മകന് ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തു വന്നതാണ് എ കെ ആന്‍റണിയുടെ മൗനത്തിന് കാരണം.

സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് തയാറാകാത്തത് സംശയകരമാണെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി. സോളാർ കേസിനു പകരം ടി പി കേസ് എന്ന അഡ്ജസ്റ് മെന്റ് നടത്തിയതിനെ പറ്റി വി ടി ബൽറാം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചത് വിവാദമായിരുന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഡാലോചന അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തിന് എന്തുപറ്റിയെന്ന് വിശദീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അയച്ച കത്തുകൾക്ക് സംസ്ഥാനം മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ്, ജില്ലാ അദ്ധ്യക്ഷൻ എൻ ഹരി എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button