മുംബൈ: ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കേട്ട് പോലീസ് ഞെട്ടി. പരേലിലെ ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഭോയ് വാഡ പോലീസ് സേവ് രിയിലെ രാജ ധര്‍മ്മ ജാല (24) എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച 1.30 മണിയോടെ കുട്ടിയുടെ അമ്മ വീടിനു പുറത്തുപോയ സമയത്താണ് രാജ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വീട്ടില്‍ ഉറക്കികിടത്തിയ ശേഷമാണ് അമ്മ കടയിലേക്ക് പോയത്. ഈ സമയം നോക്കി അകത്തുകയറിയ രാജ ശബ്ദം കേള്‍പ്പിക്കാതെ കുട്ടിയെ എടുത്തുകൊണ്ട് പോവുകയായിരുന്നു.
അല്‍പസമയത്തിനുശേഷം അമ്മ തിരിച്ചെത്തിയപ്പോള്‍ ബെഞ്ചില്‍ ഉറക്കി കിടത്തിയ മകനെ കാണാനില്ലെന്ന് കണ്ട് പരിഭ്രമിച്ചു. ഇതോടെ കുട്ടിയെ തേടി അമ്മ പ്രദേശം മുഴുവന്‍ അലഞ്ഞുനടന്നു. കാണാതെ വന്നതോടെ ഭോയ് വാഡ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കുറിച്ചുള്ള സൂചന ലഭിക്കാതെ വന്നതോടെ കുട്ടിയുടെ ചിത്രം പോലീസ് വ്യാപകമായി പ്രചരിപ്പിച്ചു. സേവ്രിയില്‍ ഒരു യുവാവിനൊപ്പം കുട്ടിയെ കണ്ടുവെന്ന് വിവരം ലഭിച്ചതോടെ പോലീസ് എത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എന്നാല്‍ കുട്ടിയെ തട്ടിയെടുത്തതിന് രാജ പറഞ്ഞ കാരണം കേട്ട് പോലീസ് ശരിക്കും ഞെട്ടിപ്പോയി. താന്‍ ഒറ്റയ്ക്കാണ്. തന്റെ ഏകാന്തതയ്ക്ക് ഒരു പരിഹാരം കണ്ടെത്താനാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് രാജ പറഞ്ഞത്. കുട്ടിയെ ഉപദ്രവിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. മറിച്ച് അവനെ സംരക്ഷിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും രാജ വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാജയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തട്ടിക്കൊണ്ടുപോകല്‍ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments