മീനങ്ങാടി: കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അമ്പലവയല്‍ താറ്റിയാട് സ്വദേശി തുളസിത്തൊടി കേശവന്റെയും സരോജിനിയുടെയും മകന് ജയാനന്ദ (42)നെയാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയില്‍ മീനങ്ങാടി അമ്ബത്തിനാലില് സെയ്ന്റ് പീറ്റേഴ്സ് പള്ളിക്ക് സമീപമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടതെന്നും മദ്യത്തില്‍ വിഷംചേര്‍ത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.
സമീപത്തെ സ്ഥാപനത്തില്‍ ലോഡിറക്കാനെത്തിയ ലോറി ഡ്രൈവറും രാവിലെ നടക്കാനിറങ്ങിയവരുമാണ് അബോധാവസ്ഥയില്‍ ഒരാള്‍ കാറില്‍ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. രാത്രി ഒൻപതു മണിമുതല്‍ കാര്‍ സ്ഥലത്തുകിടക്കുന്നത് കണ്ടിരുന്നു. ഡ്രൈവിങ് സീറ്റ് താഴ്ത്തിയിട്ട് ഉറങ്ങുകയാണെന്ന് കരുതി ശ്രദ്ധിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പെയിന്റിങ് തൊഴിലാളിയായ ജയാനന്ദന് ബുധനാഴ്ച രാത്രി വീട്ടിൽ എത്തിയിരുന്നില്ല ഇതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിക്കവെയാണ് മരണ വാർത്ത എത്തുന്നത്.
Post Your Comments