
തലോജ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ തലോജയിലെ ജയിലിലാണ് ലൈംഗിക പീഡനക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. വിശാല്‍ ഗ്വാലി എന്നയാളെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നാലെ ജയില്‍ അധികൃതര്‍ ഘാര്‍ഗര്‍ പൊലീസിലും കല്യാണിലുള്ള ഇയാളുടെ കുടുംബത്തെയും വിവരം അറിയിക്കുകയായിരുന്നു. 2024 ഡിസംബറിലാണ് 35കാരനായ വിശാലിനേയും 25 കാരിയായ രണ്ടാം ഭാര്യ സാക്ഷിയേയും പൊലീസ് അറസ്റ്റ് ചെയ്തത്. കല്യാണില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാനുള്ള ഒത്താശ ചെയ്ത് നല്‍കിയതിനാണ് സാക്ഷി അറസ്റ്റിലായത്.
ഭാര്യയുടെ ബുല്‍ദാനയിലെ ഗ്രാമത്തിലെ വീട്ടിന് അടുത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൂന്ന് ലൈംഗിക പീഡന കേസുകള്‍ അടക്കം ആറ് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇത് രണ്ട് പീഡനക്കേസിലും ഇരകള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. മാനസിക വെല്ലുവിളി നേരിടുന്ന ആളെന്ന തെളിവ് നിരത്തിയായിരുന്നു ഇയാള്‍ കേസുകളില്‍ നിന്ന് രക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഭക്ഷണം വാങ്ങാനായി പുറത്ത് പോയ പെണ്‍കുട്ടിയെ ആണ് ഇയാള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള ക്രൂരതയാണ് ഇയാള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് ചെയ്തിരുന്നത്.
സിസിടിവി ദൃശ്യങ്ങളെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. മൃതദേഹം മറവ് ചെയ്യാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 35കാരനിലേക്ക് അന്വേഷണമെത്തിയത്. 5 മണിക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന ഇയാള്‍ സ്വന്തം വീട്ടിലെത്തിച്ചാണ് കുട്ടിയെ സമാനതകളില്ലാത്ത രീതിയില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ വീട് വൃത്തിയാക്കി മൃതദേഹം മറവ് ചെയ്യാന്‍ ഇയാള്‍ ഭാര്യയുടെ സഹായം തേടുകയായിരുന്നു.
Post Your Comments