കൊച്ചി : മസ്തിഷ്‌ക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ പിന്നിലെ കാരണം വെളിപ്പെടുത്തി സ്വകാര്യ ആശുപത്രികള്‍ രംഗത്ത്. അവയവദാനത്തിലെ വിവാദങ്ങളെ തുടര്‍ന്നു സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണിത്. മുന്‍വര്‍ഷങ്ങളില്‍ ശരാശരി എഴുപതോളം മസ്തിഷ്‌ക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ഇതേവരെ റിപ്പോര്‍ട്ട് ചെയ്തത് 15 കേസുകള്‍ മാത്രം. അതും ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി. ‘മൃതസഞ്ജീവനി’ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തു രണ്ടായിരത്തോളം രോഗികള്‍ അവയവങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ സംസ്ഥാനത്ത് അവയവദാനം കുത്തനെ ഇടിയുകയാണ്.
നാലായിരത്തിലേറെപ്പേര്‍ ഒരുവര്‍ഷം റോഡപകടങ്ങളില്‍ മരിക്കുന്നു. ഇതില്‍ അഞ്ഞൂറോളം പേരുടെയെങ്കിലും അവയവങ്ങള്‍ മറ്റു രോഗികള്‍ക്കു പുതുജീവന്‍ നല്‍കാന്‍ പര്യാപ്തമാകുമായിരുന്നു. മസ്തിഷ്‌ക മരണങ്ങള്‍ സ്ഥിരീകരിക്കാന്‍ ഇരുന്നൂറിലേറെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പാനലിനു രൂപംനല്‍കിയെങ്കിലും ഇവര്‍ക്കിപ്പോള്‍ കാര്യമായ ജോലിയില്ല.
മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതില്‍ ചില ആശുപത്രികള്‍ തട്ടിപ്പു കാണിക്കുന്നുവെന്ന വിവാദമാണു തിരിച്ചടിയായത്.
നിലവിലെ നിയമം: മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിക്കു പുറത്തുള്ള രണ്ടു ഡോക്ടര്‍മാരും ഒരു സര്‍ക്കാര്‍ ഡോക്ടറും ഉള്‍പ്പെടെ നാലു ഡോക്ടര്‍മാര്‍ വേണം. ആറു മണിക്കൂര്‍ ഇടവിട്ടു മൂന്നുതവണ പരിശോധിക്കണം, ഇതിന്റെ വിഡിയോ ചിത്രീകരിക്കണം, വെന്റിലേറ്റര്‍ നീക്കം ചെയ്യുന്നതിനു മുന്‍പും പ്രത്യേക നടപടിക്രമങ്ങള്‍ പാലിക്കണം.
അതേസമയം മൃതസഞ്ജീവനിയില്‍ റജിസ്റ്റര്‍ ചെയ്ത് അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം നിരവധിയാണ്. പലര്‍ക്കും ആശ്രയമായിരുന്നു ഈ പദ്ധതി . അവയവങ്ങള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെ ലിസ്റ്റും പുറത്തു വിട്ടു.
വൃക്ക: 1614
കരള്‍: 316
കൈ, കാല്‍ തുടങ്ങി വിവിധ അവയവങ്ങള്‍: 22
ഹൃദയം: 35
മറ്റ് അവയവങ്ങള്‍: എട്ട്
ആകെ 1995 അപേക്ഷകര്‍
Post Your Comments