കൊച്ചി: തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. സ്റ്റാഫ് നഴ്‌സായ സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. സര്‍ക്കാര്‍ ഹെലികോപ്റ്ററിലാണ് അവയവങ്ങള്‍ കൊച്ചിയില്‍ എത്തിച്ചത്.
കൊച്ചിയിലെ ഹെലിപാഡില്‍ നിന്ന് ലിസി ആശുപത്രിയിലേക്കും ആസ്റ്റര്‍ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങള്‍ എത്തിച്ചത്. ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16കാരന്‍ ഹരിനാരായണനു വേണ്ടിയാണ് ഹൃദയമെത്തിച്ചത്.
ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്.
അതേസമയം, സെല്‍വിന്റെ കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ദാനം ചെയ്യും. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്.
കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് സെല്‍വിന്‍. ഭാര്യ ഗീതയും സ്റ്റാഫ് നഴ്സാണ്. തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ നവംബര്‍ 24ന് മസ്തിഷ്‌ക മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.
Post Your Comments