കൊച്ചി : വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി. അപകടത്തിൽ പരിക്കേറ്റെത്തിച്ച ഉടുമ്പൻചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നൽകിയെന്നും ചട്ടങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.എച്ച് രമേഷ് വ്യക്തമാക്കി. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഉടുമ്പൻചോല സ്വദേശി എബിന് ചികിത്സ നൽകിയതിലും എബിന്റെ അവയവദാനം നടത്തിയതിലും അപാകത കണ്ടെത്തിയാണ് കൊച്ചി ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തത്. എബിന്റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
ഇതിനായി മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം കോടതി വിസ്തരിച്ചു. എന്നാൽ ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. ‘രോഗി ആശുപത്രിയിലെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണ മണികൾ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്കത്തിലെ ക്ഷതം ഗുരുതരമായിരുന്നു.’ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ സാധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാർശ ചെയ്തതെന്നുമാണ് ഡോ. എച്ച് രമേഷ് വിശദീകരിക്കുന്നത്.
Post Your Comments