അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ പുതിയ മൂന്ന് വിമാനത്താവളങ്ങള്‍ വരുന്നു

 

കുവൈറ്റ് സിറ്റി : ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പടെ മൂന്ന് വിമാനത്താവളങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കുവൈറ്റില്‍ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളങ്ങള്‍ക്കായി 1.5 ലക്ഷം കോടി ദിനാര്‍ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുതിയ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം, ടി-4 എന്നു വിളിക്കപ്പെടുന്ന അനുബന്ധ വിമാനത്താവളം, അല്‍ ജസീറ പാസഞ്ചര്‍ ടെര്‍മിനല്‍ എന്നീ മൂന്നു വിമാനത്താവളാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തികരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍, അന്താരാഷ്ട്ര വിമാനത്താവളത്തിന് മാത്രം 1.312 ലക്ഷംകോടിയും ടി-4 അനുബന്ധ വിമാനത്താവളത്തിന് 60 ദശലക്ഷവും അല്‍ ജസീറ പാസഞ്ചര്‍ ടെര്‍മിനലിന് 14 ദശലക്ഷവുമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം ടര്‍ക്കിഷ് ലിമാര്‍ക്ക് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍വഹിക്കുന്നത്.

പുതിയ അന്താരാഷ്ട്ര വിമാനത്താവളം 2020ഓടെ പ്രവര്‍ത്തന സജ്ജമാകും. അനുബന്ധ വിമാനത്താവളം എന്നുദ്ദേശിക്കുന്നത് കുവൈറ്റ് എയര്‍വേഴ്‌സിന് മാത്രമായി പ്രവര്‍ത്തനം നടത്താനുള്ളതാണന്നും അറിയുന്നു. അടുത്ത വര്‍ഷം പകുതിയോടെ അല്‍ ജസീറ പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍.

ഈ മൂന്നു വിമാനത്താവളങ്ങള്‍കൂടി പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മൂന്നു വിമാനത്താവളങ്ങളിലുമായി അയ്യായിരത്തിലധികം തൊഴിലവസരങ്ങളുണ്ടാകും. എല്ലായിടത്തുമായി 20,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

 

Share
Leave a Comment