
മാറാട് കേസിൽ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. മാറാട് കേസുമായി ബന്ധമുള്ള എൻഡിഎഫും കുഞ്ഞാലിക്കുട്ടിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞതായി വിക്കിലീക്സ് രേഖകളിൽ ഉണ്ടെന്നും രമേശ് വെളിപ്പെടുത്തി. ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങളുടെ പരീക്ഷണ ശാലയായിരുന്നു മാറാട് കലാപം. മുസ്ലീംലീഗ്-കോൺഗ്രസ്-സിപിഎം നേതാക്കള്‍ക്ക് കലാപമായി ബന്ധമുണ്ടെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ പാർട്ടികൾ ഇതേപ്പറ്റി മൗനം ദീക്ഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകള്‍ നശിപ്പിച്ചത് അന്തരിച്ച ഇ അഹമ്മദാണ്. മരിച്ചു പോയെങ്കിലും അഹമ്മദിന്‍റെ പങ്കിനെപ്പറ്റിയും അന്വേഷണം നടത്തണം. കേരളത്തിൽ ലീഗ്- സിപിഎം-ജിഹാദി അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ട്. ജിഹാദികൾക്ക് ലീഗും സിപിഎമ്മും ഒളിഞ്ഞും തെളിഞ്ഞും സഹായം ചെയ്യുകയാണ്. ഇവര്‍ക്ക് നൽകുന്ന പിന്തുണ കേരള സമൂഹത്തിന് അപകടകരമാണ്. പോപ്പുലർ ഫ്രണ്ടിന്‍റെ പൂർവ്വരൂപമായ എൻഡിഎഫിന് തീവ്രവാദ ബന്ധമുണ്ടെന്ന് നിരവധി അന്വേഷണ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
ഇവരെ സഹായിക്കുന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് അഖിലകേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന സർക്കാര്‍ നിലപാട്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്. ദേശ വിരുദ്ധ സംഘടനയെ ജനാധിപത്യ രീതിയിലല്ല നേരിടേണ്ടത്. അത് നിയമപരമായി തന്നെ നേരിടണം. ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന സിപിഎമ്മിന് എങ്ങനെയാണ് പോപ്പുലർ ഫ്രണ്ടിനെ അനുകൂലിക്കാൻ സാധിക്കുന്നത്? കേരളത്തില്‍ ഐഎസിന്‍റെ റിക്രൂട്ടിംഗ് ഏജൻസിയാണ് പോപ്പുലർഫ്രണ്ട്. വേങ്ങര തെരഞ്ഞെടുപ്പിൽ നാലു വോട്ട് കിട്ടാൻ വേണ്ടിയാണ് സിപിഎം ഇവരെ പിന്തുണയ്ക്കുന്നത്. ഇത് രാജ്യ സുരക്ഷക്ക് ഭീഷണിയാണ്. പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിന്‍റെ പരിപാടിയ്ക്ക് നോട്ടീസിൽ പേരു വെക്കാൻ അനുവാദം നൽകിയ കെ മുരളീധരൻ എംഎൽഎ അത് അനുവദിക്കാൻ പാടില്ലായിരുന്നു.
ജനരക്ഷായാത്രയുമായ ബന്ധപ്പെട്ട് കേസെടുത്ത നടപടി പിണറായിക്ക് ബിജെപിയെപ്പറ്റി അറിവില്ലാത്തതു കൊണ്ടാണ്. ഓലപ്പാമ്പ് കാണിച്ച് ബിജെപിയെ വിരട്ടാൻ നോക്കേണ്ടെന്നും രമേശ് പറഞ്ഞു. അഖിലകേസിൽ ബിജെപി കക്ഷി ചേരില്ല. മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളാണ് കേസിലെ കക്ഷികള്‍. അതിൽ രാഷ്ട്രീയ കലർത്താൻ ബിജെപി ഉദ്യേശിക്കുന്നില്ല. അച്ഛനമ്മമാരുടെ വിഷമം മനസ്സിലാക്കാനുള്ള ഹൃദയ നൈർമ്മല്യം പിണറായിക്കും കോടിയേരിക്കും ബൃന്ദാകാരാട്ടിനും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ടി പി ജയചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി കെ വി സുധീർ എന്നിവരും പങ്കെടുത്തു.
Post Your Comments