KeralaLatest News

ഗണപതി ഹോമം: മാനേജ്മെന്റ് കോൺ​ഗ്രസ് അനുഭാവമുള്ളത്, അത് അവർ സ്വന്തമായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഭൂമിപൂജ: എം ടി രമേശ്

കോഴിക്കോട്: കോഴിക്കോട്ടെ സ്‌കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ്. ​’ഗണപതി ഹോമം സംഘടിപ്പിച്ചത് ബിജെപിയല്ല. കോൺഗ്രസ് അനുഭാവമുള്ള മാനേജ്മെൻ്റ് ആണ് സ്കൂളിന്റേത്. പുതിയ കെട്ടിടത്തിൻ്റെ ഭൂമിപൂജയാണ് നടന്നത്. മാനേജ്മെൻ്റ് സ്വന്തമായി നിർമിക്കുന്ന കെട്ടിടമാണ്. അവിടെ പൂജ നടത്തുന്നതിൽ തെറ്റില്ല. സിപിഎം ബോധപൂർവം അസ്വസ്ഥത സൃഷ്ടിക്കുകയാണ്. മറ്റ് മതങ്ങളുടെ ചടങ്ങുകൾ സിപിഎം അലങ്കോലപ്പെടുത്തുമോ?’ എന്നും എം ടി രമേശ് പ്രതികരിച്ചു.

പൂജ നടത്തിയതിനു പിന്നിൽ ബിജെപിയാണെന്ന് ആരോപണം ഉണ്ടായിരുന്നു. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പൂജ നടത്തിയത് എന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ് രം​ഗത്തെത്തിയത്.

കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്‌കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്. പൂജയ്ക്ക് നേതൃത്വം നൽകിയത് സ്കൂൾ മാനേജരുടെ മകൻ രുധീഷ് ആണ്. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെ പൊലീസെത്തി സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്തു. മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയും ചെയ്തു.

സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്. ഒരു പൂജ പ്രധാനാധ്യാപകന്റെ ഓഫീസ് മുറിയില്‍ തന്നെയാണെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  സജിത പ്രതികരിച്ചത്. എഇഒ വിളിക്കുമ്പോഴാണ് താന്‍ സംഭവം അറിയുന്നതെന്നും വൈകുന്നേരം സ്‌കൂള്‍ വിട്ട് ഇറങ്ങുന്നത് വരെ സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും സജിത വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button