”എനിക്കിനി ഒരു ദിവസം മുന്നോട്ടു പോകാൻ ആകില്ല….
അദ്ദേഹത്തിന് മാനസിക പ്രശ്നം ഉണ്ട്..
ചികിൽസിക്കാൻ ആ വീട്ടുകാർ സമ്മതിക്കുന്നില്ല…
ഞാൻ ഉപേക്ഷിച്ചിട്ട് പോകാനുള്ള കാരണം കണ്ടെത്തുക ആണെന്ന് പറയുക ആണ്..
എന്റെ വീട്ടുകാർ കൂടെ നിൽക്കില്ല…
അവരും പറയുന്നത് ,
കുട്ടികളുടെ ഭാവി നോക്കാനാണ്…
എല്ലാവരെയും എതിർത്തു എനിക്കൊന്നും ചെയ്യാൻ വയ്യ….
ഞാൻ എന്തെങ്കിലും കടും കൈ കാണിക്കും…
വയ്യ ജീവിക്കാൻ…!!
എനിക്ക് കിട്ടിയ ഒരു മെസ്സേജ് ആണിത്. ഭയമാണ് ഈ വാക്കുകളെ. ആരോടൊക്കെയോ ഉള്ള പക ഉള്ളിൽ നിറച്ചു ലോകത്ത് നിന്നും സ്വയം ഒഴിഞ്ഞു പോയ ഒരു മുഖം ഓർമ്മയിൽ എത്തും. പൊള്ളി പോകും അപ്പോഴൊക്കെ.
ഒന്നല്ല ,ഇനിയുമുണ്ട്. മറ്റൊരു സ്ത്രീ. അവർ ജീവിച്ചിരുന്നപ്പോഴും, അനുഭവിച്ച ദുരിതങ്ങളിൽ നിന്നും ഒരു രക്ഷ നേടി കൊടുക്കാൻ എനിക്കും കഴിഞ്ഞിട്ടില്ല. അവർക്കും പൊട്ടിച്ചെറിയാൻ മോഹമില്ലാഞ്ഞിട്ടായിരുന്നില്ല. കെട്ടുപാടുകളൂം കടമകളും പറഞ്ഞു അവരുടെ ശക്തി ഇല്ലാതാക്കിയതാണ്. മരിച്ചു കഴിഞ്ഞു ചടങ്ങു പ്രകാരം കുളിപ്പിക്കാൻ നില്കുമ്പോൾ, ആ കണ്ണുകളിൽ വിട്ടുമാറാത്ത ദയനീയ ഭാവം, മറക്കാൻ ശ്രമിച്ചാലും പറ്റുന്നില്ല.
സ്ത്രീ ആണ്, മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ എടുക്കുന്ന അവസ്ഥയിൽ എങ്കിൽ, അവളെ സംരക്ഷിക്കുന്ന പുരുഷന് ഒരു പാട് ഭാരങ്ങൾ ഇല്ല. അവൻ സ്വതന്ത്രനായി ചലിക്കുകയും സംസാരിക്കുകയും ചെയ്യും. അവനു വിലക്കുകൾ ഇല്ല. ”’ഭാര്യയ്ക്ക് നല്ല സുഖമില്ല, മാനസിക രോഗ വിദഗ്ദ്ധന്റെ ചികിത്സയിൽ ആണ് എന്ന് ലാഘവത്തോടെ ചങ്കുറ്റത്തോടെ പറഞ്ഞു രോഗിയെ സംരക്ഷിക്കാം. ലോകം അവനെ ആരാധനയോടെ നോക്കും. ഇത്രയും നീതി അവനിൽ നിന്നും പ്രതീക്ഷിച്ചില്ല എന്ന മട്ടിൽ അവനെ പുകഴ്ത്തും. ഇതൊന്നും ശ്രദ്ധിക്കാതെ എന്റെ നല്ല പാതിയെ സംരക്ഷിക്കേണ്ട ചുമതല എന്റേത് എന്ന് കരുതി പൊന്നു പോലെ ഭാര്യയെ നോക്കുന്ന എത്രയോ പുരുഷന്മാർ ലോകത്തുണ്ട്.
പക്ഷെ, തിരിച്ചാണ് എങ്കിൽ, ഭർത്താവിന്റെ മാനസിക പ്രശ്നം മറച്ചു വെയ്ക്കാൻ അവളെ നിർബന്ധിക്കുന്ന അവസ്ഥയാണ് പലപ്പോഴും കണ്ടു വരുന്നത്. ആ വിലക്കാണ് അവളെ തകർക്കുന്നത്. അവൾ” എന്തിനോടൊക്കെ പൊരുത്തപെടണം? സഹനശക്തി വേണം., ക്ഷമ , കരുണ വേണം.താളം തെറ്റിയ മനസ്സിന്റെ വേലിയേറ്റങ്ങളും ഇറക്കങ്ങളും സൂക്ഷ്മതയോടെ നോക്കി കണ്ടു , അതിനെ സമാധാനപ്പെടുത്തി എടുക്കേണ്ട ഉത്തരവാദിത്വം. അത് മരുന്നിനും മേലെ ആണ്. ഒരുപക്ഷെ ജീവിതാവസാനം വരെ പറഞ്ഞു കൊടുക്കുമ്പോൾ നിര്വികാരയായി, ശാന്തയായി ഇരിക്കും.
ഭയവും സംഭ്രാന്തിയും ഇല്ല. എന്തും അനുഭവിക്കാൻ മാത്രം തഴമ്പ് വീണിട്ടുണ്ട് എന്ന് തോന്നും. പക്ഷെ, അവളുടെ മനസ്സിൽ കൊടുംകാറ്റടച്ചു കൊണ്ടേ ഇരിക്കുക ആണ്. ഭർത്താവിൽ നിന്നും സുരക്ഷിതത്വം മോഹിക്കുന്നത് പോലെ വ്യക്തി സ്വാതന്ത്ര്യവും ദാമ്പത്യ ജീവിതത്തിൽ കൊതിക്കാത്ത സ്ത്രീകൾ വിരളമാണ്. പക്ഷെ ,
പരിധികളും നിയമങ്ങളും നിയന്ത്രണങ്ങളും അവളെ ഭയങ്കരമായ നടുക്കത്തിൽ പഞ്ചേന്ദ്രിയങ്ങളുടെ സംവേദനം നഷ്‌ടപ്പെട്ട അവസ്ഥയിൽ എത്തിക്കും..
സമൂഹത്തിന്റെ ,കുടുംബത്തിന്റെ ,ഒക്കെ അടിച്ചമർത്തലുകൾ അത്ര തീവ്രമാണ്..സ്ത്രീയുടെ സ്വതന്ത്ര്യം വിലങ്ങിടുന്ന കാര്യത്തിൽ ,എല്ലാ ജാതിയും മതവും ഒന്ന് തന്നെ..! ഇനി , മാനസിക പ്രശ്നം അനുഭവിക്കുന്ന വ്യക്തി വ്യക്തിപരമായും സാമൂഹികപരമായും ആത്മീയപരമായും എന്ന പോലെ
ലൈംഗിക പരമായും പല തരം പ്രശ്നങ്ങളെ നേരിടാറുണ്ട്. അതിന്റെ തീക്ഷ്ണ ഫലങ്ങൾ അനുഭവിക്കേണ്ടി വരിക പങ്കാളിയും ആണ്. ലൈംഗികതയും ശാരീരികാഭിലാഷവും മറച്ചു പിടിച്ചു ജീവിക്കാൻ പിറന്നു വീഴുന്ന നിമിഷം മുതൽ സ്ത്രീയെ പ്രാപ്തയാക്കുക ആണ്. അതാണ് ഉത്തമ സ്ത്രീയുടെ ലക്ഷണം. ലൈംഗിക സംസ്കാരം എന്തെന്ന് അവളെ അടിച്ചേൽപ്പിച്ചിട്ടുണ്ട്. പുരുഷനുള്ള നിയമം അല്ല അവളുടേത്. സാധാരണ ജീവിതത്തിൽ പോലും ദാമ്പത്യം വിരസവും സങ്കീർണവും ആയി തുടങ്ങുന്നത് ഇവിടെ നിന്നാണ്.
ഇനി , തിരുത്തലുകൾ തുറന്നു പറയുന്നവൾ, ആദ്യം അസ്വീകാര്യായി മുദ്രകുത്ത പെടുന്നത് സ്വന്തം കുടുംബത്തിൽ നിന്നാകും . താൻ അനുഭവിക്കുന്ന ലൈംഗിക വൈകൃതങ്ങൾ , ഡോക്ടറോട് പോലും തുറന്നു സംസാരിക്കാൻ അവൾ ഭയക്കണം. ഒടുവിൽ ബോധതലങ്ങൾ നഷ്‌ടമാകണമെന്നും ഭ്രാന്താവസ്ഥയിൽ എത്തപ്പെടണം എന്നും അവൾ പ്രാർത്ഥിച്ചു പോകും… ”’ഒന്നും വേണ്ട.. എന്റെ പുരുഷൻ
സ്നേഹത്തോടെ ചേർത്ത് പിടിച്ചു , നെറുകയിൽ ഒരു മുത്തം..” അതിൽ തീരാവുന്ന നെഞ്ചുരുക്കം മാത്രമേ അവളിൽ ഉണ്ടാകു പലപ്പോഴും.. സ്നേഹിക്കുന്ന പുരുഷന്റെ വിയർപ്പു മണമുള്ള നെഞ്ചത്തു സമാധാനത്തോടെ കിടന്നുറങ്ങുക എന്നത് ഏത് സ്ത്രീയുടെയും ലഹരി ആണ്..
മനക്കരുത്തു ഉള്ള ആണിന്റെ. പക്ഷെ , അതിനുള്ള അവസരം പോലും നിഷേധിക്കുക ആണ്..സ്വന്തം ജീവിതം സ്വന്തമല്ലാത്ത ആയിത്തീരുകയും….!ശരീരത്തിന് ഒരു വല്ലായ്മ വന്നാൽ , ചികിത്സ തേടില്ലെ..? അത് പോലെ തന്നെ ആണ്..മനസ്സിനും…എന്തിനാണ് മനസ്സിനെ ഇങ്ങനെ അവഹേളിക്കുന്നത്..? വികാരങ്ങൾ അമിതമായി സേവിക്കുകയും സേവിക്കപ്പെടുന്ന അവസ്ഥ , കൂടെ ജീവിക്കുന്നവരിൽ ഉണ്ടാക്കുന്ന പിരിമുറുക്കങ്ങൾ എത്ര വലുതാണ്.. ഒരല്പം സ്വാതന്ത്ര്യത്തെ കൊടുക്കണം.. അസുഖമാണ് ,എന്ന് മറ്റുള്ളവരോട് പറയാൻ …!
അതോടെ ,പകുതി സമാധാനം കണ്ടെത്തുക ആണ്… യുക്തിയും വികാരങ്ങളും സമനിലയിൽ നിർത്താൻ മരുന്നുകൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ അത് കഴിക്കുക തന്നെ വേണം… രോഗം എന്നത് ആരുടെയും കുറ്റമല്ല….!
Post Your Comments