KeralaLatest NewsNews

എമ്പുരാൻ ഒരു കച്ചവട സിനിമയാണ്, വീണ്ടും എഡിറ്റ് ചെയ്യിപ്പിക്കുന്നത് ഒന്നാന്തരം ഫാസിസമാണ്: സന്ദീപ് ജി വാര്യർ

കേന്ദ്രസർക്കാരിൻ്റെ നയങ്ങളെ വിമർശിക്കുന്ന സിനിമകൾ തമിഴിലും ഇറങ്ങിയിട്ടുണ്ട്

എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി സന്ദീപ് ജി വാര്യർ. ബിജെപി സംസ്ഥാന പ്രസിഡണ്ട് തന്നെ നേരിട്ട് സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം പറയാതെ പറഞ്ഞിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ സന്ദീപ് വിമർശിച്ചു. എമ്പുരാൻ ഒരു കച്ചവട സിനിമയാണെന്നും ഭീഷണിപ്പെടുത്തി വീണ്ടും എഡിറ്റ് ചെയ്യിപ്പിക്കുന്നത് ഒന്നാന്തരം ഫാസിസമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

കുറിപ്പ് പൂർണ്ണ രൂപം,

ബിജെപി സംസ്ഥാന പ്രസിഡണ്ട് തന്നെ നേരിട്ട് സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം പറയാതെ പറഞ്ഞിരിക്കുകയാണ്. താൻ കാണില്ല എന്ന് പ്രഖ്യാപിച്ചതോടെ അണികൾക്കും അത് കൃത്യമായ സന്ദേശമാണ്. ലിബറൽ മുഖത്തോടെ ബിജെപി സംസ്ഥാന പ്രസിഡണ്ടായ രാജീവ് ചന്ദ്രശേഖർ എത്ര പെട്ടെന്നാണ് അസഹിഷ്ണുതയുടെ പ്രതീകമായി മാറിയത് . ബിജെപിയുടെ നേതാക്കൾ നാലു ദിവസത്തിനകം പലതവണയാണ് നിലപാട് മാറ്റിയത്. സിനിമയെ സിനിമയായി കാണണമെന്ന് ആദ്യം പറഞ്ഞ രാജീവ് ഇപ്പോൾ എമ്പുരാനെതിരെ വാളെടുത്തിരിക്കുന്നു. ജനറൽ സെക്രട്ടറിമാരും കേന്ദ്രമന്ത്രി ജോർജ് കുര്യനും ഒക്കെ ആദ്യമെടുത്ത നിലപാടിൽ നിന്ന് ഇനി മാറുമോ ?

സിപിഎം ഒക്കെ പല സിനിമകളെയും രഹസ്യമായി ബഹിഷ്കരിച്ച് സാമ്പത്തിക പരാജയം ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും പരസ്യമായി രാഷ്ട്രീയ പാർട്ടി ഒരു സിനിമയെ ബഹിഷ്കരിച്ച് സമൂഹത്തിൽ കാലുഷ്യം വിതറുന്നത് ഇതാദ്യമായിട്ടാണ്. രാജ്യത്തിൻ്റെ ഭരണഘടന എനിക്കും നിങ്ങൾക്കും ഒക്കെ ഉറപ്പുവരുത്തിയിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം , ആവിഷ്കാര സ്വാതന്ത്ര്യം ഇതൊക്കെ പരട്ടത്ത് വച്ചുകൊള്ളാനാണ് അസഹിഷ്ണുതയുടെ വക്താക്കൾ പറയുന്നത്.

ഞാൻ മനസ്സിലാക്കുന്നിടത്തോളം എമ്പുരാൻ സിനിമ ഒരു കച്ചവട സിനിമ മാത്രമാണ്. വലിയ കലാമൂല്യമൊന്നും ആ സിനിമയിൽ ഇല്ല. അത്തരം എത്രയോ സിനിമകൾ ഇറങ്ങിപ്പോകുന്നു. കേന്ദ്രസർക്കാരിൻ്റെ നയങ്ങളെ വിമർശിക്കുന്ന സിനിമകൾ തമിഴിലും ഇറങ്ങിയിട്ടുണ്ട്. ഏന്നാൽ ഇതുപോലെ അസഹിഷ്ണുത മറ്റൊരു സിനിമയ്ക്ക് നേരെയും ഉണ്ടായിട്ടില്ല.

തമിഴ് തെലുങ്ക് സിനിമകളെ സാമ്പത്തിക വലിപ്പംകൊണ്ട് വെല്ലുവിളിക്കുന്നു എന്നത് മാത്രമാണ് ആ സിനിമയുടെ പ്രത്യേകത. മുരളി ഗോപിയും പൃഥ്വിരാജും തങ്ങൾക്ക് തോന്നുന്ന ഒരു സിനിമയെടുത്ത് വച്ചു . അത് ആവശ്യമുള്ളവർ കാണട്ടെ. ആവശ്യമില്ലാത്തവർ കാണാതിരിക്കട്ടെ. രാഷ്ട്രീയമായി വിമർശിക്കേണ്ടവർ രാഷ്ട്രീയമായി വിമർശിക്കട്ടെ. അതിനപ്പുറം സിനിമയെ ഭീഷണിപ്പെടുത്തി വീണ്ടും എഡിറ്റ് ചെയ്യിപ്പിക്കുന്നതൊക്കെ ഒന്നാന്തരം ഫാസിസമാണ്. ബഹിഷ്കരണ ആഹ്വാനവും ജനാധിപത്യത്തിന് യോജിച്ച ശൈലിയല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button