തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയുടെ സ്കാനിയ ബസുകളുടെ വളയം ഇനി അന്യസംസ്ഥാനക്കാര്‍ തിരിക്കും. കെ.എസ്.ആര്‍.ടി.സി വാടകയ്ക്കെടുക്കുന്ന 100 സ്കാനിയ ബസുകളിലാണ് അന്യസംസ്ഥാനക്കാരെ ഡ്രൈവര്‍മാരായി നിയമിയ്ക്കുന്നത്. മലയാളി ഡ്രൈവര്‍മാരെ ജോലിക്കെടുക്കുന്നത് ചെലവുവര്‍ധിപ്പിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സംസ്ഥാനത്തുനിന്നുള്ള ഡ്രൈവര്‍മാരെ സ്കാനിയ കമ്പനി പൂര്‍ണമായി ഒഴിവാക്കിയതെന്നു കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു.
സ്വകാര്യകമ്പനികളില്‍ നിന്നു ബസുകള്‍ വാടയ്ക്കെടുക്കുന്നതാണ് ലാഭകരമെന്ന നിഗമനത്തിന്റെ ഭാഗമായാണ് ബസുകള്‍ വാടകയ്ക്കെടുക്കുന്നത്. കിലോമീറ്ററിന് 27 രൂപ വച്ചാണ് വാടക നല്‍കേണ്ടത്. ആദ്യഘട്ടത്തില്‍ 10 ബസാണ് എത്തുന്നത്. ഡ്രൈവര്‍മാരെ സ്കാനിയ കമ്പനി നിയമിക്കും. ഇവരെ കണ്ടെത്തി പരിശീലനം നല്‍കാന്‍ പത്രപരസ്യം നല്‍കിയിരുന്നു. കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ മാത്രമാണ് പരസ്യം നല്‍കിയത്.
ബംഗാള്‍(നാല്), ആന്ധ്രപ്രദേശ്(രണ്ട്), മഹാരാഷ്ട്ര(നാല്) എന്നീ സംസ്ഥാനങ്ങളില്‍ പരിശീലനം കഴിഞ്ഞ ഡ്രൈവര്‍മാരെയാണ് അയയ്ക്കുന്നത്. ബാക്കിയുള്ള 90 ബസുകളിലേക്കുള്ള ഡ്രൈവര്‍മാര്‍ക്കും പരിശീലനം പുരോഗമിക്കുകയാണ്. ബസുകള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ബംഗളൂരു, മുംബൈ , ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.
Post Your Comments