Latest NewsKeralaNews

സംസ്ഥാനത്ത് ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘം വ്യാപകം : കരുതിയിരിയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രമുഖ ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത ശേഷം മോചനദ്രവ്യം തട്ടിയെടുക്കുന്ന സംഘം പിടിമുറുക്കുന്നതായി സൂചന. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് ഫൊട്ടോഗ്രഫി സ്ഥാപനത്തിന് ഒറ്റ രാത്രി കൊണ്ടു നഷ്ടമായത് 18,000 രൂപ. പണം നല്‍കിയിട്ടും പേജുകള്‍ തിരികെ കിട്ടാതെ വലഞ്ഞ കമ്പനികള്‍ക്ക് ഒടുവില്‍ സഹായമായതു ഫേസ്ബുക് ഇന്ത്യയുടെ ഇടപെടലായിരുന്നു. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലക്ഷക്കണക്കിനു രൂപയാണു പല കമ്പനികളോടും പ്രതിഫലമായി ചോദിക്കുന്നതെന്നാണു സൂചന. എത്ര കമ്പനികള്‍ പണം നല്‍കിയിട്ടുണ്ടെന്നും വ്യക്തമല്ല.

ഫേസ്ബുക്കിന്റെ ഹൈദരാബാദ് ഓഫിസില്‍ നിന്നെന്ന മട്ടില്‍ പേജില്‍ കാണുന്ന ഫോണ്‍ നമ്പറില്‍ വിളിക്കുകയാണു തട്ടിപ്പുകാരുടെ ആദ്യപടി. പേജിലെ കണ്ടന്റ് ഫേസ്ബുക്കിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതിനാല്‍ നീക്കം ചെയ്യാന്‍ പോകുന്നുവെന്നാണ് അറിയിപ്പ്. ഫോണിലേക്ക് ഒരു സന്ദേശം വരുമെന്നും അതിലൂടെ പേജ് വെരിഫൈ ചെയ്യണമത്രേ. 8918419048 എന്ന നമ്പറില്‍ നിന്നാണു കോളുകള്‍ എത്തിയത്.

സംശയം തോന്നിക്കാത്ത തരത്തിലായിരുന്നു സംസാരം.ഒടിപി പറഞ്ഞുകൊടുത്തതോടെ അക്കൗണ്ട് ഹാക്കറുടെ നിയന്ത്രണത്തിലായി. പേജിലെത്തി എല്ലാ അഡ്മിന്‍മാരെയും നീക്കം ചെയ്തു. ചോദിക്കുന്ന പണം നല്‍കിയില്ലെങ്കില്‍ പേജുകള്‍ ഡിലീറ്റ് ചെയ്തു സ്വകാര്യവിവരങ്ങള്‍ പരസ്യമാക്കുമെന്നുമായിരുന്നു ഭീഷണി.

ഒരു പേയ്ടിഎം അക്കൗണ്ടിലൂടെ പണം അയയ്ക്കണമെന്നായിരുന്നു നിബന്ധന. പലരും 5,000, 10,000 എന്നിങ്ങനെ കൈമാറിയെങ്കിലും പേജ് തിരികെ കിട്ടിയില്ല. ഒടുവില്‍ ഫേസ്ബുക് ഇന്ത്യ അധികൃതര്‍ ഇടപെട്ടാണു പല പേജുകളും തിരികെ നല്‍കിയത്. ഇപ്പോഴും തിരികെ ലഭിക്കാത്ത പേജുകളുമുണ്ട്.സെപ്റ്റംബര്‍ 11 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതേ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇപ്പോഴും ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിനാല്‍ തട്ടിപ്പുകള്‍ നിര്‍ബാധം തുടരുന്നു എന്നു വ്യക്തം.

പിന്നില്‍ ഗൂഢലക്ഷ്യം ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹാക്കിങ്ങിനു വിധേയമായ മിക്ക അക്കൗണ്ടുകളും കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ്/ വെഡിങ് ഫൊട്ടോഗ്രഫി സ്ഥാപനങ്ങളുടേതായിരുന്നു. പലതിനും ലക്ഷക്കണക്കിന് അനുയായികളുമുണ്ട്. ഹിറ്റ് പേജുകള്‍ പിന്നീട് പേരുമാറ്റി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനായി ഉപയോഗിക്കുന്ന രീതിയുടെ ഭാഗമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഒട്ടേറെ പേര്‍ പിന്തുടരുന്ന പേജുകള്‍ക്കു പൊന്നുംവിലയാണ് ഇന്റര്‍നെറ്റില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button