Latest NewsKeralaNews

തൃത്താലയില്‍ കോടികള്‍ ചെലവിട്ട് പോലീസ് സ്റ്റേഷന്‍ പണിയുമെന്ന് വി ടി ബല്‍റാം

തിരുവനന്തപുരം: തൃത്താലയില്‍ കോടികള്‍ ചെലവിട്ട് പോലീസ് സ്റ്റേഷന്‍ പണിയുമെന്ന് വി ടി ബല്‍റാം എം എല്‍ എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം ഇക്കാര്യം അറിയിച്ചത്.

പോലീസ് ആധുനീകരണത്തിനായി എല്ലാവര്‍ഷവും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ടില്‍ നിന്നാണ് പൊതുവേ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാറുള്ളത് . 2014-15 വര്‍ഷത്തെ ഫണ്ടില്‍ നിന്ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അക്കൊല്ലത്തെ പത്ത് പോലീസ് സ്റ്റേഷനുകളിലൊന്നായി തൃത്താലയേയും ഉള്‍പ്പെടുത്താന്‍ സഹായിച്ചതെന്ന്‍ ബല്‍റാം പോസ്റ്റില്‍ പറയുന്നു.

പതിറ്റാണ്ടുകളായി നാശോന്മുഖമായ ഒരു പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുവേണ്ടി ഒരു കോടിയില്‍പ്പരം രൂപ ചെലവിട്ടാണ് എല്ലാ സൗകര്യങ്ങളുമുള്ള ആധുനിക കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് ബല്‍റാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

എല്ലായിടത്തും കാണുന്ന പതിവ് മട്ടിലുള്ള ഒരു കെട്ടിടമാവരുത് തൃത്താല പോലീസ് സ്റ്റേഷന്‍ എന്ന് ആദ്യമേ ആഗ്രഹിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതിയുമായി എത്തുന്നവര്‍ക്കും വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള പ്ലാന്‍ മാത്രം പോരാ, ആകര്‍ഷകമായ എലിവേഷനും കെട്ടിടത്തിന് വേണം എന്ന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ആര്‍ക്കിടെക്റ്റായ റിയാസുമായും പല തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരുമായും നിരവധി തവണ ചര്‍ച്ച നടത്തിയതിന് ശേഷമാണ് കണ്ടംപററി രീതിയിലുള്ള ഇപ്പോഴത്തെ സവിശേഷമായ മാതൃകയിലേക്ക് എത്തിച്ചേര്‍ന്നത്. സബ് ഇന്‍സ്പെക്ടര്‍ക്കും റൈറ്റര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമുള്ള ഓഫീസ് സൗകര്യങ്ങളോടൊപ്പം പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ബന്ധമായ ആംസ് റൂം, തൊണ്ടി റൂം, ലോക്കപ്പ് , നെറ്റ് വര്‍ക്ക് റൂം എന്നിവക്കും മതിയായ സ്ഥലസൗകര്യം ഉണ്ട്.

സ്ത്രീകള്‍ക്ക് പ്രത്യേകമായ റിസപ്ഷന്‍ ഏരിയയും ഹെല്‍പ് ഡസ്കും വനിതാ പോലീസുകാര്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിശ്രമമുറിയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കാര്യാലയമായി ഉയര്‍ത്തണമെങ്കില്‍ അതിനുള്ള സൗകര്യങ്ങളും മുന്‍കൂട്ടി കാണുന്നുണ്ട്. പോലീസ് ആധുനീകരണത്തിനായി എല്ലാവര്‍ഷവും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ടില്‍ നിന്നാണ് പൊതുവേ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാറുള്ളത് . 2014-15 വര്‍ഷത്തെ ഫണ്ടില്‍ നിന്ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അക്കൊല്ലത്തെ പത്ത് പോലീസ് സ്റ്റേഷനുകളിലൊന്നായി തൃത്താലയേയും ഉള്‍പ്പെടുത്താന്‍ സഹായിച്ചത് . വകുപ്പ് തലത്തിലെ നൂലാമാലകള്‍ കഴിഞ്ഞ് 73.5 ലക്ഷം രൂപ ഫണ്ട് അനുവദിച്ച്‌ കിട്ടിയപ്പോഴേക്ക് പുതിയ സര്‍ക്കാരിന്റെ കാലമായി.

എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആധുനിക കെട്ടിടം വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ അതിനായി ഫണ്ട് തികയില്ല എന്ന് നിര്‍വ്വഹണച്ചുമതലയുള്ള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കൈമലര്‍ത്തി. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ ഇനിയും ഒരുപാട് കാലം കാത്തിരിക്കണം എന്ന അവസ്ഥ വന്നപ്പോള്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 28.5 ലക്ഷം രൂപ കൂടി അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അങ്ങനെ ആകെ ഒരു കോടി രണ്ട് ലക്ഷം രൂപ ചെലവിലാണ് കെട്ടിടം ഉയരുന്നത്. സംസ്ഥാനത്ത് അപൂര്‍വമായാണ് എം.എല്‍.എ ആസ്തി വികസന ഫണ്ട് കൂടി ഉള്‍പ്പെടുത്തി ഒരു പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് തൃത്താലയില്‍ നടന്ന ചടങ്ങില്‍ വെച്ച്‌ ബഹു. മന്ത്രി ശ്രീ. എ.കെ. ബാലന്‍ ഔപചാരിക നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. ഏതാണ്ട് ഏഴ്, എട്ട് മാസങ്ങള്‍ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button