Latest NewsNewsInternational

സാന്താക്ലോസിന്റെ കല്ലറ കണ്ടെത്തി

അങ്കാറ: സാന്താക്ലോസിന്റെ ശവകുടീരം തുർക്കിയിൽ കണ്ടെത്തി. പുരാവസ്തു ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ തുർക്കിയിലുള്ള ഡിമറിലെ (പണ്ടത്തെ മിറ) പുരാതന പള്ളിക്കടിയിൽ ക്രിസ്മസ് അപ്പൂപ്പൻ, സാന്താക്ലോസ് തുടങ്ങിയ പേരുകളുള്ള സെന്റ് നിക്കോളാസിന്റെ ശവകുടീരമാണ് കണ്ടെത്തിയത്. തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിൽ എഡി നാലാം നൂറ്റാണ്ടിലാണ് നിക്കോളാസ് ജനിച്ചതെന്നാണു വിശ്വാസം. ശവകുടീരവുമുള്ളത് ഇവിടെത്തന്നെയാണ്. പള്ളിക്കു താഴെ കണ്ടെത്തിയ വിള്ളലുകളിൽ ഇലക്ട്രോണിക് സർവേ നടത്തിയപ്പോഴാണ് പഴയ ശവകുടീരത്തിന്റെ സാന്നിധ്യം തെളിഞ്ഞത്.

കല്ലറ വലിയ നാശം സംഭവിക്കാത്ത രീതിയിലാണെന്ന് അന്റാലിയ പൈതൃക അതോറിറ്റി തലവൻ സെമിൽ കാരാബയ്റം പറഞ്ഞു. മൊസൈക് പാളികൾ നീക്കി കല്ലറ പുറത്തെടുക്കാൻ കുറച്ചധികം സമയമെടുത്തേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെത്തൽ അദ്ഭുതപ്പെടുത്തിയെന്നും പ്രദേശത്തെ വിനോദസഞ്ചാരത്തെ വലിയ തോതിൽ സഹായിക്കുമെന്നും പര്യവേഷണ തലവൻ‌ പ്രഫസർ സെമ ദോഗൻ പറഞ്ഞു

നിക്കോളാസ് 19–ാം വയസ്സിലാണ് വൈദികനായത്.പിന്നീട് മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു. നിക്കോളാസിന്റെ ഭൗതികദേഹം 11–ാം നൂറ്റാണ്ട് വരെ ഡിമറിലെ പള്ളിയിൽ ഉണ്ടായിരുന്നു. പിന്നീട്, 1087 ൽ ഇറ്റാലിയൻ നാവികർ തിരുശേഷിപ്പ് തുർക്കിയിൽ നിന്നും ഇറ്റലിയിലെ ബാരിയിലേക്കു കടത്തിക്കൊണ്ടു പോയി. സെന്റ് നിക്കോളാസിന്റെ അനുഗ്രഹം തേടി ബാരിയിലെ ഡി സാൻ നിക്കോള ബസിലിക്കയിലേക്കു തീർഥാടകർ ഒഴുകിയെത്തി. ഇവിടെയാണ് സെന്റ് നിക്കോളാസിന്റെ തിരുശേഷിപ്പുകൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നാണിപ്പോഴും വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button