Latest NewsInternational

ഇസ്രായേലിൽ റോമൻ സാമ്രാജ്യകാലത്തെ 1800 വർഷം പഴക്കമുള്ള പട്ടാളക്യാമ്പ് കണ്ടെത്തി പുരാവസ്തു ഗവേഷകർ

ടെൽ അവീവ്: ഇസ്രയേലിൽ 1800 വർഷം പഴക്കമുള്ള പട്ടാളക്യാമ്പ് കണ്ടെത്തി. വടക്കൻ ഇസ്രയേലിൽ പുരാവസ്തുഗവേഷകർ നടത്തിയ പര്യവേക്ഷണത്തിലാണ് റോമൻ സാമ്രാജ്യകാലത്തെ പട്ടാളക്യാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. റോമന്റെ ‘ആറാ ഫെറാറ്റ് അയൺ’ താവളത്തിന്റേതാണ് അവശിഷ്ടങ്ങളെന്ന് ​ഗവേഷകർ വ്യക്തമാക്കി.

പുരാതനനഗരമായ മെഗിഡോയിലെ ടെൽ മെഗിഡോയ്ക്കു സമീപത്താണ് പുരാവസ്തുഗവേഷകർ പര്യവേക്ഷണം നടത്തിയത്. യുനെസ്കോയുടെ പൈതൃകപട്ടികയിലുൾപ്പെടുന്ന പ്രദേശമാണ് ടെൽ മെഗിഡോ. പുരാതന ഈജിപ്തിനെയും മെസപൊട്ടോമിയയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന വ്യാപാര ഇടനാഴി കടന്നുപോകുന്ന ജസ്‌റീൽ താഴ്വരയിലാണ് ഈ പ്രദേശം.

‘നെറ്റിവി ഇസ്രയേൽ നാഷണൽ ഇൻഫ്രാസ്ട്രക്ചർ’ എന്ന കമ്പനിയുടെ സഹായധനത്തോടെയായിരുന്നു ഖനനമെന്ന് ഇസ്രയേൽ ആന്റിക്യുറ്റി അതോറിറ്റി (ഐ.എ.എ.) അറിയിച്ചു. ഉത്ഖനനത്തിനിടെ താവളത്തിലെ പ്രധാന റോഡായ ‘വിയ പ്രിട്ടോറിയ’യുടെ ഭാഗങ്ങളും വാസ്തുവിദ്യയുടെ അടയാളങ്ങളും കണ്ടെത്തി.

ഒരു വലിയ പൊതുകെട്ടിടത്തിന്റെ അർധവൃത്താകൃതിയിലുള്ള പോഡിയവും കല്ലുകൾപാകിയ വിശാലമായ പ്രദേശങ്ങളും കൂട്ടത്തിലുണ്ട്. ഏകദേശം 550 മീറ്റർ നീളവും 350 മീറ്റർ വീതിയും താവളത്തിനുണ്ടെന്നും അയ്യായിരത്തോളം പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരിക്കാമെന്നുമാണ് കരുതുന്നത്.

ഇത് റോമാക്കാരുടെ കാലത്തുണ്ടാക്കിയ താത്കാലിക പട്ടാളക്യാമ്പാണെന്ന് ഗവേഷണത്തിന് നേതൃത്വംനൽകിയ ഡോ. യോതെ ടെപ്പെർ പറയുന്നു. അക്കാലത്തെ നാണയങ്ങൾ, ആയുധഭാഗങ്ങൾ ചില്ലുകഷണങ്ങൾ, മേൽക്കൂരയിൽ പാകുന്ന ടൈലുകൾ എന്നിവയും കണ്ടെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button