പാലക്കാട്: ഇസ്ലാമിക് സ്റ്റേറ്റില് ചേർന്നെന്ന് സംശയിക്കുന്ന പാലക്കാട് സ്വദേശി യഹിയ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചുള്ള സന്ദേശം ഇയാളുടെ ഫോണിൽ നിന്നുതന്നെ യാക്കരയിലെ വീട്ടിലെത്തി. ‘അയാം അലൈവ്’ എന്ന ഒറ്റവരി സന്ദേശമാണ് ടെലിഗ്രാം മെസഞ്ചർ വഴി ലഭിച്ചത്. നേരത്തേ ഇയാൾ മരിച്ചെന്ന് സന്ദേശം ലഭിച്ചിരുന്നു. പാലക്കാട് യാക്കര തലവാലപറമ്പിൽ വിൻസെന്റിന്റെ മൂത്തമകൻ ഈസ, ഭാര്യ ഫാത്തിമ, രണ്ടാമത്തെ മകൻ യഹിയ, ഭാര്യ മറിയം എന്നിവരെ 2016 മേയിലാണ് കാണാതായത്.
യഹിയയും ഭാര്യയും മേയ് 15 മുതലും ഇൗസയും ഭാര്യയും മേയ് 18 മുതലുമാണ് കാണാതായതെന്ന് വിൻസെന്റ് നൽകിയ പരാതിയിലുണ്ട്. പഠനത്തിനും ബിസിനസിനുമായി ശ്രീലങ്കയിൽ പോകുന്നെന്നാണ് ഇവർ വീട്ടിൽ പറഞ്ഞത്. കാണാതായ ശേഷം രണ്ടുതവണ ഇരുവരും അഫ്ഗാനിസ്താനിലെ നമ്പറിൽനിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ, സന്ദേശങ്ങൾ വരുന്നത് കേരളത്തിൽ ഉപയോഗിച്ചിരുന്ന നമ്പറിൽ നിന്നാണ്. സന്ദേശങ്ങൾ അയക്കുന്നത് ഇവർക്കൊപ്പം നാട് വിട്ടവരോ ഭാര്യയോ ആയിരിക്കാമെന്ന സംശയം ബന്ധുക്കൾ പ്രകടിപ്പിച്ചു.
മൂന്നാഴ്ച മുമ്പാണ് സന്ദേശം ലഭിച്ചത്. യഹിയ നേരത്തേ ഉപയോഗിച്ചിരുന്ന കേരള നമ്പറിൽ നിന്നാണ് സന്ദേശം. കഴിഞ്ഞ ഏപ്രിലിൽ യഹിയ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന സന്ദേശം ലഭിച്ചിരുന്നു. ഇതിനുശേഷവും ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സ്ഥിരമായി ഓൺലൈനിൽ ഉണ്ടാവാറുണ്ട്. നേരത്തേ ശബ്ദ സന്ദേശങ്ങളാണ് വന്നിരുന്നതെങ്കിൽ മരിച്ചെന്ന അറിയിപ്പിന് ശേഷം ടൈപ്പ് ചെയ്ത സന്ദേശമാണ് ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
സന്ദേശം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. യഹിയയുടെ ഭാര്യ മറിയം പ്രസവിച്ച ശേഷം കുഞ്ഞിന്റെ ഫോട്ടോ വീട്ടുകാർക്ക് രണ്ട് തവണ അയച്ചു കൊടുത്തിരുന്നു. സന്ദേശം വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചാൽ മറുപടിയില്ലെന്ന് വീട്ടുകാർ പറയുന്നു. ഇരിങ്ങാലക്കുട പടിയൂർ സ്വദേശി വിൻസെന്റ് 15 കൊല്ലം മുമ്പാണ് മംഗലംഡാം പരിസരത്ത് താമസിക്കാനെത്തിയത്. 2005ലാണ് യാക്കരയിലേക്ക് താമസം മാറ്റുന്നത്.
Post Your Comments