ദുബായ് : സംസ്ഥാനത്ത് പ്രവാസി പാര്‍പ്പിട പദ്ധതി ഉടന്‍ ആരംഭിയ്ക്കും. സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കായുള്ള പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം ഇരിങ്ങാടംപള്ളി റോഡില്‍ ഭവനനിര്‍മാണ ബോര്‍ഡിന്റെ സ്ഥലത്താണ് തുടങ്ങുന്നത്.
മൂന്നുകിടപ്പുമുറികള്‍, അടുക്കള, ഹാള്‍ തുടങ്ങിയവ അടങ്ങുന്ന 84 ഫ്ളാറ്റുകളാണ് ഏഴു ബ്ലോക്കുകളിലായി ഇവിടെ നിര്‍മിക്കുക. റോഡ്, മാലിന്യസംസ്‌കരണ സംവിധാനം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സജ്ജീകരിക്കും.
ഫ്‌ളാറ്റുകളുടെ രൂപരേഖയുള്‍പ്പെടെയുള്ളവയില്‍ പ്രവാസികളുടെ അഭിപ്രായവും തേടുമെന്നും കേരള ഭവനനിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ് അറിയിച്ചു. മാധ്യമങ്ങള്‍, പ്രവാസി സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവ വഴിയാകും നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. ഓണ്‍ലൈന്‍ സാധ്യതകളും ഉപയോഗിക്കും.
പരമാവധി 20 ലക്ഷം രൂപ വില വരുന്ന ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ ദേശസാല്‍കൃത ബാങ്കുകളോ ഹഡ്‌കോ മുതലായ സര്‍ക്കാര്‍ ഏജന്‍സികളോ വഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണു ലക്ഷ്യം. ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാകും. മാസയടവിനൊപ്പം ഇന്‍ഷുറന്‍സ് തുകയും അടയ്ക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്.
പരാതികള്‍ക്ക് ഇടനല്‍കാതെ, സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെയാകും അര്‍ഹരായ ഗണഭോക്താക്കളെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പാര്‍പ്പിട ദിനാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണു പദ്ധതി സംബന്ധിച്ചു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രഖ്യാപനം നടത്തിയത്.
Post Your Comments