മലേഷ്യ: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറും കോടതിയില്‍ മൊഴി നല്‍കി. ക്വാലലംപുര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ഫെബ്രുവരി 13നാണ് കിം ജോങ് നാം കൊല്ലപ്പെട്ടത്. പ്രതികളായ ഇന്തോനേഷ്യന്‍ യുവതി സിതി ആയിഷ(25)യും വിയറ്റ്‌നാം വംശജ ദോവാന്‍ തി ഹൂങ്ങും(28) എന്നിവര്‍ ചേര്‍ന്ന് നിരോധിത രാസായുധം മുഖത്തു തേച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഐക്യരാഷ്ട്ര സംഘടന അതീവ വിനാശകാരിയായ രാസായുധങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുള്ള ‘വിഎക്‌സ്’ എന്ന രാസവസ്തുവാണു യുവതികള്‍ നാമിന്റെ മുഖത്തുതേച്ചത്.
എന്നാല്‍ ഇരുവരും കുറ്റം നിഷേധിച്ചു. നിരോധിത രാസായുധം ഉപയോഗിച്ചതിനെത്തുടര്‍ന്ന് അവയവങ്ങള്‍ക്ക് അങ്ങേയറ്റ നാശം സംഭവിച്ചിരുന്നതായി മുഹമ്മദ് ഷാ മഹ്മൂദ് എന്ന ഡോക്ടര്‍ മലേഷ്യന്‍ കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെ അറിയിച്ചു. ശ്വാസകോശം, തലച്ചോറ് ഉള്‍പ്പെടെ പ്രധാനപ്പെട്ട അവയവങ്ങളെല്ലാം നശിച്ചുവെന്നും ഡോക്ടര്‍ അറിയിച്ചു. കിം ജോങ് ഉന്നുമായി അകല്‍ച്ചയിലായിരുന്ന നാമിന്റെ കൊലയ്ക്കു പിന്നില്‍ ഉത്തര കൊറിയയാണെന്ന ആരോപണം ശക്തമാണ്. കൊലപാതകമാണ് ചെയ്യുന്നതെന്നറിയില്ലായിരുന്നുവെന്നും ടിവി റിയാലിറ്റി ഷോയുടെ ഭാഗമായ തമാശയാണെന്നാണു വിശ്വസിച്ചിരുന്നതെന്നും രണ്ടു യുവതികളും കോടതിയില്‍ പറഞ്ഞു. എന്നാല്‍, ക്വാലലംപുരിലെ വിവിധ ഷോപ്പിങ് മാളുകളില്‍ ഇതിനായി ഒട്ടേറെത്തവണ പരിശീലനം നടത്തിയശേഷമാണു നാമിനെ ആക്രമിച്ചതെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.
കുറ്റം തെളിഞ്ഞാല്‍ രണ്ടു യുവതികള്‍ക്കും വധശിക്ഷ ലഭിക്കും.വിമാനത്താവളത്തിലെ ചെക്കിന്‍ കൗണ്ടറിലേക്കു പോകുമ്പോഴാണു സ്ത്രീകള്‍ നാമിന്റെ പിന്നില്‍നിന്നു തലയിലും മുഖത്തും വിഷം തേച്ചത്. പിന്നീട് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴാണ് ഇദ്ദേഹം മരിക്കുന്നത്. രുചിയും മണവുമില്ലാത്ത വിഎക്‌സ് വിഷം മിനിറ്റുകള്‍ക്കുള്ളില്‍ മരണം ഉറപ്പാക്കുന്നതാണ്. നാഡീവ്യൂഹത്തെയാണു വിഷം ബാധിക്കുക. എണ്ണ പോലുള്ള ദ്രാവകരൂപത്തിലുള്ള ഈ വിഷം വെള്ളത്തില്‍ കലര്‍ത്താവുന്നതുമാണ്. ത്വക്കിലും കണ്ണിലും പുരണ്ടാലും ശരീരത്തിലെത്തും. ആവിയായി ശ്വസിക്കുകയാണെങ്കില്‍ നിമിഷനേരം കൊണ്ടു മരണമെത്തും. ഉത്തര കൊറിയക്കാരായ മറ്റു നാലുപേരെ കൂടി പ്രതിചേര്‍ത്താണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവരുടെ പേര് കുറ്റപത്രത്തിലില്ല. കൊലപാതകത്തിന്റെ അന്നുതന്നെ ഇവര്‍ നാലുപേരും മലേഷ്യ വിട്ടെന്നാണു കണ്ടെത്തല്‍.
Post Your Comments