വയനാട്: മാനന്തവാടിയിൽ നിന്നും ബന്ദിപ്പൂരിൽ എത്തിച്ചതിന് പിന്നാലെ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയായി. തണ്ണീർക്കൊമ്പന്റെ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് നിലച്ചതാണ് മരണകാരണമെന്ന് കർണാടക വനം വകുപ്പ് അറിയിച്ചു. ബന്ദിപ്പൂർ രാമപുരയിലെ ആന ക്യാമ്പിലാണ് തണ്ണീർക്കൊമ്പന്റെ പോസ്റ്റുമോർട്ടം നടന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ അറിയിച്ചു.
തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു. കൂടാതെ, ശ്വാസകോശത്തിൽ നീർക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇതിനോടൊപ്പം ശരീരത്തിൽ ഉണ്ടായിരുന്ന മുഴയും പഴുത്തിരുന്നു. ലിംഗത്തിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇതും ഏറെ പഴക്കമുള്ള മുറിവായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ട് തവണയാണ് തണ്ണീർക്കൊമ്പന് മയക്കുവെടിയേറ്റത്.
Also Read: കെവൈസി അപ്ഡേറ്റിന്റെ പേരിൽ വ്യാപക തട്ടിപ്പ്: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആർബിഐ
മാനന്തവാടിയെ വിറപ്പിച്ച തണ്ണീർക്കൊമ്പൻ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. ബന്ദിപ്പൂരിലെ ആന ക്യാമ്പിൽ വച്ചായിരുന്നു ആന ചരിഞ്ഞതെന്ന് കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഇന്നലെ 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. 6.20ന് ആദ്യ ബൂസ്റ്റർ നല്‍കി. പിന്നാലെ ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന് അടുത്തേക്ക് എത്തിക്കുകയും, തുടർന്ന് ബന്ദിപ്പൂരിലെ ക്യാമ്പിൽ കൊണ്ടുപോവുകയുമായിരുന്നു.
Post Your Comments