ലാസ് വേഗസ്: ഈ ക്രൂരകൃത്യം എന്തിന് ചെയ്തു. പൊലീസിനെ കുഴക്കുന്ന ചോദ്യം ഇതാണ്. സൗമ്യന്‍, ശാന്തന്. ക്രിമിനല്‍ കേസിലൊന്നും മുന്‍പ് ഉള്‍പ്പെട്ടിട്ടില്ല. പോരാത്തതിന് വൃദ്ധനും. പിന്നെ അയാള്‍ എന്തിനീ കൊടും പാതകം ചെയ്തു. 64 കാരനായ സ്റ്റീഫന്‍ പെഡോക്ക് 59 പേരെ ഒറ്റയ്ക്ക് തോക്കിനിരയാക്കിയതിനു പിന്നിലെ ചേതോവികാരം പിടികിട്ടാതെ ഉഴലുകയാണ് അമേരിക്കന്‍ പൊലീസ്. കൂട്ടക്കൊലയ്ക്കു ശേഷം പെഡോക്ക് സ്വയം വെടിവച്ച് ജീവനൊടുക്കിയിരുന്നു.
ലാസ് വെഗാസില്‍ കഴിഞ്ഞ ദിവസമുണ്ടായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തെങ്കിലും അന്വേഷണ ഏജന്‍സികള്‍ അത് തള്ളിക്കളഞ്ഞിരുന്നു. പെഡോക്കിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നോ എന്നതിനും തെളിവൊന്നും ലഭിച്ചിട്ടില്ല. ലാസ് വേഗസിന്റെ കിഴക്കന്‍ പ്രവിശ്യയായ മെസ്ക്യൂറ്റിലായിരുന്നു ഇയാളുടെ താമസം. മെരിലു ഡാന്‍ലെ എന്ന സ്ത്രീക്കൊപ്പം ഇവിടെ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. സൗമ്യമായി പെരുമാറിയിരുന്ന ഇയാള്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമുണ്ടാക്കിയിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പെഡോക് കൂട്ടക്കൊല നടത്തുമ്പോള്‍ ഡാന്‍ലെ ഒപ്പമുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അവര്‍ ജപ്പാനില്‍ ടൂറിലാണ്.
വീട്ടിലും ആയുധക്കൂമ്പാരം
ആക്രമണത്തെ തുടര്‍ന്ന് പെഡോക്കിന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് അവിടത്തെ ആയുധക്കൂമ്പാരം കണ്ട് ഞെട്ടി. 19 തോക്കുകള്‍. ഒട്ടേറെ റൗണ്ട് വെടിയുതിര്‍ക്കാനുള്ള തിരകള്‍. ഒരു മുറി നിറയെ സ്ഫോടക വസ്തുക്കള്‍. ബോംബില്‍ ഘടിപ്പിക്കാനെന്നവണ്ണം ഇലക്ട്രിക് വസ്തുക്കള്‍. പെഡോക്കിന്റെ കാറില്‍ നിന്ന് അമോണിയം നൈട്രേറ്റും പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം പെഡോക്ക് ആക്രമണം നടത്തിയ ഹോട്ടല്‍ മുറിയില്‍ നിന്ന് പത്ത് യന്ത്രത്തോക്കുകള്‍ കണ്ടെടുത്തിരുന്നു. ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലെ ഭ്രമം ഒടുവില്‍ അത് ജനക്കൂട്ടത്തിനു നേര്‍ക്ക് പ്രയോഗിക്കുന്നതില്‍ കൊണ്ടെത്തിക്കുകയായിരുന്നു.
Post Your Comments