തിരുവനന്തപുരം: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ ക്ഷേത്രങ്ങളില്‍ ആരംഭിച്ചു. സംസ്ഥാനത്തെ തന്നെ പ്രധാന എഴുത്തിനിരുത്തല്‍ കേന്ദ്രമായ ചേര്‍പ്പ് തിരുവുള്ളക്കാവ് ശ്രീധര്‍മശാസ്ത ക്ഷേത്രം, ഗുരുവായൂര്‍, ശ്രീവടക്കുന്നാഥന്‍, ഊരകത്തമ്മ തിരുവടി, പാറമേക്കാവ്, തിരുവമ്പാടി, കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ കുരുന്നുകള്‍ എഴുത്തിനിരുന്നു. ക്ഷേത്രങ്ങളില്‍ തിരക്ക് പരിഗണിച്ച് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അരിയിലും നാവിലും ഹരീശ്രീ കുറിച്ചപ്പോള്‍ ചില കുരുന്നുകള്‍ വാവിട്ടു കരഞ്ഞു, മറ്റു ചിലരുടെ മുഖത്ത് കൗതുകത്തിന്റെ നിഷ്കളങ്ക ഭാവം, എഴുതില്ലെന്ന് ചിലരുടെ വാശി, മറ്റു ചിലര്‍ എഴുതാന്‍ വിസമ്മതിച്ച് അമ്മയുടെ സാരിത്തുന്പില്‍ തലയൊളിപ്പിച്ചു. അങ്ങനെ വിവിധങ്ങളായ കാഴ്ചകളായിരുന്നു സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ദിനത്തില്‍ കാണാനായത്. ഇന്നലെ മഹാനവമി നാളില്‍ ക്ഷേത്രങ്ങളില്‍ തിരക്കായിരുന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിലെ വിവിധ സാംസ്‌കാരിക പരിപാടികളും പ്രഭാഷണങ്ങളും ഇന്നലെ നടന്നു.
Post Your Comments