ന്യൂഡൽഹി: തിരഞ്ഞെടുപ്പു കളത്തിൽ വീണ്ടും ‘കടലാസ്’ വരുന്നു. കമ്മിഷൻ വരാനിരിക്കുന്ന എല്ലാ ലോക്സഭ– നിയമസഭ തിരഞ്ഞെടുപ്പുകളിലും വോട്ട് രസീത്(വിവിപാറ്റ്) ഉപയോഗിക്കുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും ഇത് സംബന്ധിച്ച് കത്തയച്ചു.
വോട്ടര്‍ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ എന്നറിയപ്പെടുന്ന വിവിപാറ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ്. ഒരു വോട്ടർ വോട്ടു ചെയ്യുമ്പോൾ വിവിപാറ്റിലും അത് ഒരു കടലാസു സ്ലിപ്പിൽ അച്ചടിച്ചു വരും. തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് വോട്ടർക്ക് ഇതു പരിശോധിച്ച് ഉറപ്പുവരുത്താം.
തുടർന്ന് ഈ സ്ലിപ്പ് മുറിഞ്ഞു വിപിപാറ്റ് മെഷീനോടു ചേർന്ന പെട്ടിയിലേക്കു വീഴും. പോളിങ് ഉദ്യോഗസ്ഥർക്കു മാത്രമേ സ്ലിപ് വീഴുന്ന പെട്ടി തുറക്കാൻ കഴിയൂ. വോട്ടെടുപ്പു സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉയരുകയാണെങ്കിൽ വിവിപാറ്റിലെ സ്ലിപ്പുകൾ എണ്ണാനും കഴിയും.
ഇക്കഴിഞ്ഞ മാർച്ചിൽ വിവിധ രാഷ്ട്രീയ പാർട്ടികളുമൊത്തുള്ള യോഗത്തിൽ വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വിവിപാറ്റ് ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണു വരുന്നത്.
Post Your Comments