അഞ്ചല്‍•കൊല്ലം ഏരൂരില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏരൂര്‍ ഗവ.എല്‍.പി.എസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി (7) ആണ് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
കനത്ത പോലീസ് കാവലിലാണ് പ്രതിയെ കുളത്തൂപ്പുഴയിലെ ആര്‍.പി.എല്‍ റബ്ബര്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന വനഭാഗത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നത്. രാവിലെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് രണ്ടുവരെ നീണ്ടു. തെളിവെടുപ്പിന് എത്തിച്ച പ്രതിയ്ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും പ്രതിക്ക് നേരെ ഇവിടെ കൂടിയ സ്ത്രീകള്‍ അസഭ്യം പറഞ്ഞതൊഴിച്ചാല്‍ മറ്റൊന്നും ഉണ്ടായില്ല.
തെളിവെടുപ്പിനിടെ നടന്ന സംഭവങ്ങള്‍ പ്രതി പോലീസിനോട് വിവരിച്ചു.ഏരൂരില്‍ നിന്നും കുട്ടിയുമായി തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിനു സമീപം എത്തിയ രാജേഷ് ചെറുകര വഴിയാണ് കുട്ടിയെ ആര്‍.പി.എല്‍ റബ്ബര്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന വനഭാഗത്ത് എത്തിച്ചത്. തുടര്‍ന്നു അവിടെ വച്ച് ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ വിവരം പുറംലോകം അറിയാതിരിക്കാന്‍ കൈലി ഉപയോഗിച്ച് മൂക്കും വായും പൊത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചന്ദനക്കാവില്‍ എത്തിയ പ്രതി ഒരു കടയില്‍ നിന്ന് ചില സാധനങ്ങള്‍ വാങ്ങുകയും തിരികെ കുട്ടിയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നീട് മൃതദേഹം അവിടെ നിന്നും എടുത്ത് എസ്റ്റേറ്റിലെ ആളൊഴിഞ്ഞ ഷെഡില്‍ കൊണ്ടുവന്നു. അവിടെ വച്ച് കുട്ടിയുടെ മൃതദേഹത്തെ ഇയാള്‍ വീണ്ടും പീഡിപ്പിച്ചു. മൃതദേഹം ഇവിടെ ഉപേക്ഷിച്ചു പോയ പ്രതി ചെറുകരയിലെ വീട്ടിലെത്തി ഒരു ഷര്‍ട്ടും വിരിച്ചു കിടക്കുന്നതിനായ് ഒരു സാരിയും എടുത്ത് ചന്ദനക്കാവിലെ ആളൊഴിഞ്ഞ ഒരു വീട്ടില്‍ താമസിക്കുകയായിരുന്നു.
കൊട്ടാരക്കര റൂറല്‍ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചല്‍ സി.ഐ അഭിലാഷ്, കുളത്തൂപ്പുഴ സി.എല്‍ സുധീര്‍, അഞ്ചല്‍, ഏരൂര്‍, കുളത്തൂപ്പുഴ സ്റ്റേഷനുകളിലെ എസ്.ഐമാര്‍ എന്നിവര്‍ അടങ്ങുന്ന വന്‍ പോലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച കൈലി, കുട്ടിയുടെ ബാഗ്, പ്രതിയുടെ വസ്ത്രങ്ങള്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വൈകുന്നേരം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments