കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ താലിബാന്‍ ഭീകരരുടെ റോക്കറ്റ് ആക്രമണത്തില്‍നിന്നും ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. വിമാനം പുറപ്പെടാന്‍ തയാറെടുക്കുമ്പോഴായിരുന്നു ആക്രമണം. വിമാനത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. വിമാനത്താവളത്തിനു സമീപത്തുള്ള വീട്ടിലാണ് ഒരു റോക്കറ്റ് പതിച്ചത്. സംഭവത്തെ തുടര്‍ന്ന് കാബൂളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും വൈകി.
കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. 180 യാത്രക്കാരാണ് ഇതില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി വിമാനത്താവളത്തിലേക്കു മാറ്റി. നിരവധി റോക്കറ്റുകളാണ് വിമാനത്താവളത്തിനു നേര്‍ക്ക് ഭീകരര്‍ പ്രയോഗിച്ചത്. സ്ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് താലിബാന്‍ അറിയിച്ചു. മാറ്റിസ് വിമാനം ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ആക്രമണം. മാറ്റിസും നാറ്റോ സെക്രട്ടറി ജനറല്‍ ഷാന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗും അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തുമ്പോഴാണ് കാബൂള്‍ വിമാനത്താവളത്തില്‍ റോക്കറ്റുകള്‍ പതിച്ചത്. കാബൂള്‍ വിമാനത്താവളത്തിന്റെ സൈനിക മേഖലയിലാണു റോക്കറ്റ് ആക്രമണം നടത്തിയതെന്നും പെന്റഗണ്‍ മേധാവി മാറ്റിസിന്റെ വിമാനമായിരുന്നു ലക്ഷ്യമെന്നും താലിബാന്‍ വക്താവ് സബിബുള്ള മുജാഹിദ് ട്വീറ്റു ചെയ്തു.
Post Your Comments