തേഞ്ഞിപ്പാലം: ഷാര്‍ജാ സുല്‍ത്താന് സമ്മാനിയ്ക്കാന്‍ അജീഷിന്റെ കരവിരുതില്‍ ഒരുങ്ങിയത് ആരെയും വിസ്മയിപ്പിക്കുന്ന അദ്ദേഹത്തിന്റെ കുത്തിവര ചിത്രം. ഷാര്‍ജാ സുല്‍ത്താന് ചിത്രം സമ്മാനമായി നല്‍കാന്‍ ഡി-ലിറ്റ് ചടങ്ങിലേക്ക് അജിഷ് ഐക്കരപ്പടി എന്ന ചിത്രകാരനും എത്തുന്നു. സുല്‍ത്താന് ചിത്രം സമ്മാനിയ്ക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ പ്രസ്സിലെ ജീവനക്കാരനും ചിത്രകാരനും കൂടിയായ അജിഷ് സര്‍വകലാശാലാ സംഘത്തിനൊപ്പമാണ് തലസ്ഥാനത്ത് എത്തുന്നത് .
മൊബൈല്‍ സ്‌ക്രീനില്‍ കൈവിരലുപയോഗിച്ച് ചിത്രങ്ങള്‍ തീര്‍ക്കുന്ന അജിഷ് നേരത്തേ വാര്‍ത്തകളിലിടം നേടിയിരുന്നു. ഫേസ് ബുക്കില്‍ ‘ കുത്തിവര ‘ എന്നുപേരുള്ള പേജില്‍ ഇദ്ദേഹം നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരുപമറാവു, എസ്. ജാനകി എന്നിവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ വരച്ച് നേരിട്ട് സമ്മാനിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ് സോണി മൊബൈല്‍ കമ്പനി അവരുടെ പുത്തന്‍ ഫോണ്‍ സമ്മാനമായി നല്‍കുകയും ചെയ്തു.
ഡി-ലിറ്റ് ചടങ്ങ് പ്രഖ്യാപിച്ച അന്നുമുതല്‍ അജിഷ് വര തുടങ്ങിയിരുന്നു. ഓഫീസില്‍ നിന്ന് കുറ്റിപ്പുറത്തെ വീട്ടിലേക്കുള്ള യാത്രകളില്‍ തീവണ്ടിയിലിരുന്നും രാത്രിയിലുമൊക്കെയായി ചിത്രം പൂര്‍ത്തിയാക്കി. പ്രസിദ്ധമായ ഖുര്‍ആന്‍ റൗണ്ട്അപ്പ്, ഷാര്‍ജയിലെ ജയിന്റ് വീല്‍, ഉയരത്തിലുള്ള പതാക എന്നിവയുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയാണ് ചിത്രത്തിലുള്ളത്.
ഡി-ലിറ്റ് വേദി സര്‍വകലാശാലയില്‍ നിന്നു മാറ്റിയതോടെ സുല്‍ത്താന്റെ ചിത്രം സമ്മാനിക്കാന്‍ കഴിയുമെന്ന് അജിഷ് കരുതിയിരുന്നില്ല. സുരക്ഷാ പ്രശ്‌നങ്ങളും മറ്റും പറഞ്ഞ് സര്‍വകലാശാലാ അധികൃതരും ആദ്യം കൈയൊഴിഞ്ഞു. ഡല്‍ഹിയിലെ ട്രാവല്‍ ഏജന്‍സിയിലെ സുഹൃത്തായ അജ്മല്‍ വഴി എം.എ. യൂസഫലി മുഖേന ചിത്രം നല്‍കാനായി പിന്നത്തെ ശ്രമം.
പക്ഷേ ഇതിനിടെ സര്‍വകലാശാലാ വൈസ് ചാന്‍സലറും രജിസ്ട്രാറും ചേര്‍ന്ന് അജിഷിന്റെ ചിത്രം നല്‍കാന്‍ അവസരമൊരുക്കുകയായിരുന്നു. തിരുവനന്തപുരത്തെ ചടങ്ങിനിടെ വൈസ് ചാന്‍സലറാകും ചിത്രം കൈമാറുക.
Post Your Comments