Latest NewsNewsInternational

അടുത്തയാഴ്ച മുതല്‍ ഊബര്‍ ടാക്സിക്ക് നിരോധനം

ലോകമെങ്ങും വ്യാപിച്ചുകഴിഞ്ഞ ഊബര്‍ ടാക്സിക്ക് അടുത്തയാഴ്ച മുതല്‍ ലണ്ടനില്‍ നിരോധനം. സെപ്റ്റംബര്‍ 30-നുശേഷം ഊബര്‍ ടാക്സിക്ക് ലണ്ടനില്‍ നിരോധനമേര്‍പ്പെടുത്താനാണ് തീരുമാനം. ഇതോടെ 40,000-ത്തോളം പേരുടെ തൊഴില്‍ നഷ്ടമാകും. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെയാണ് ഈ തീരുമാനം. എംപിമാരടക്കമുള്ള ജനപ്രതിനിധികള്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സാദിഖ് ഖാന്റെ തീരുമാനം വന്‍തുക ടാക്സി വാടക കൊടുക്കേണ്ട പൂര്‍വസ്ഥിതിയിലേക്ക് ജനങ്ങളെ കൊണ്ടുപോകുമെന്നും അത് വലിയ പിഴവായി മാറുമെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. എന്നാല്‍ ഇതിതിനെതിരെ ഊബര്‍ കൊണ്ട് ഉപജീവനം നടത്തുന്ന നാലുലക്ഷത്തിലേറെപ്പേര്‍ ഒപ്പിട്ട നിവേദനം മേയര്‍ക്ക് നല്‍കി. തീരുമാനം പുനഃപരിശോധിക്കണമെന്നാണ് അവരുടെ ആവശ്യം.

യാത്രക്കാരുടെ സുരക്ഷയുടെ പേരിലാണ് ഊബര്‍ ടാക്സിക്ക് നിരോധനമേര്‍പ്പെടുത്താന്‍ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തീരുമാനിച്ത്. ഈ തീരുമാനം അംഗീകരിക്കുകയാണ് മേയര്‍ ചെയ്തത്. എന്നാല്‍, ചെറുപ്പക്കാരടക്കം ഊബറിന്റെ ഉപഭോക്താക്കളില്‍നിന്ന് ശക്തമായ വിമര്‍ശനമാണ് ഇതുയര്‍ത്തിയത്. മൊബൈല്‍ ആപ്പിലൂടെ നമ്മള്‍ നില്‍ക്കുന്ന സ്ഥലത്തേയ്ക്ക് ടാക്സി വിളിക്കാനും നിലവിലുള്ളതിനെക്കാള്‍ വളരെക്കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനും സഹായിക്കുന്ന ഊബര്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

നിരോധനമെന്ന ഒറ്റവാക്കിലൂടെ സാദിഖ് ഖാന്‍ ഇല്ലാതാക്കിയത് 40,000-ത്തോളം വരുന്ന ഊബര്‍ ഡ്രൈവര്‍മാരുടെ ഉപജീവനമാര്‍ഗമാണെന്ന് ടോറി മിനിസ്റ്റര്‍ ഫോര്‍ ലണ്ടന്‍ ഗ്രെഗ് ഹാന്‍ഡ്സ് പറഞ്ഞു. ഇതിലൂടെ 35 ലക്ഷത്തോളം ഊബര്‍ ഉപഭോക്താക്കളെയും അദ്ദേഹം എതിരാക്കി മാറ്റി. എന്നാല്‍, സുരക്ഷയെക്കുറിച്ചുയര്‍ന്ന ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഊബര്‍ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മറ്റെന്തിനെക്കാളും പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പഞ്ഞു. എന്നാല്‍, ഒറ്റയടിക്കുള്ള നിരോധനം ലക്ഷക്കണക്കിന് വരുന്ന ലണ്ടന്‍വാസികള്‍ക്ക് തിരിച്ചടിയാകും. ഊബര്‍ ചില കാര്യങ്ങള്‍ ഇനിയും ശരിയാക്കേണ്ടതുണ്ടെന്ന് സമ്മതിച്ചാലും ഒറ്റയടിക്കുള്ള നിരോധനം അംഗീകരിക്കാനാവില്ലെന്ന് ക്രോയ്ഡണ്‍ സൗത്തില്‍നിന്നുള്ള ടോറി എംപി ക്രിസ് ഫിലിപ്പ് പറഞ്ഞു. സാദിഖ് ഖാന്‍ തീരുമാനം ഉടന്‍തന്നെ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കന്‍ കമ്പനിയായ ഊബറിന് ലണ്ടനിലേര്‍പ്പെടുത്തിയ വിലക്ക് ആഗോളതലത്തില്‍ പ്രതിഫലിക്കുമെന്നും സൂചനയുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്നും ഊബറിനെതിരെ സുരക്ഷാപാളിച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലണ്ടന് പിന്നാലെ മറ്റു വന്‍നഗരങ്ങളിലും ഇതേ മാതൃകയിലുള്ള തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് സൂചന. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ഊബര്‍, ദിവസം ഒരു കോടി ട്രിപ്പുകളെങ്കിലും ലോകമെമ്പാടുമായി നടത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 7,000 കോടി ഡോളറാണ് കമ്പനിയുടെ ആസ്തിയായി കണക്കാക്കുന്നത്. 2009-ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി, ഇതിനകം ലോകത്തെ 81 രാജ്യങ്ങളിലെ 630 നഗരങ്ങളിലായി 500 കോടി ആളുകള്‍ക്കെങ്കിലും സേവനം നല്‍കിയതായും കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button