ജിദ്ദ: മ്യാൻമറിൽ നിന്ന് പലായനം ചെയ്ത റോഹിങ്ക്യകള്‍ക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് 15 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചു. റോയൽകോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റീലീഫ് സെന്റര്‍ ജനറൽ സൂപർവൈസറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗവണ്‍മെന്റിന്റെ കടുത്ത നടപടികളെ തുടർന്ന് ദുരിതമനുഭവിക്കുന്ന റോഹിങ്ക്യൻ ജനതക്ക് ആശ്വാസമേകാൻ മുമ്പ് നൽകിയ സഹായത്തിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
സഹായം സംബന്ധിച്ച നിർദേശം വന്നതുമുതൽ റിലീഫ് കേന്ദ്രത്തിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോകാനും അവിടെയെത്തിയ റോഹിങ്ക്യകളുടെ അവസ്ഥയും ആവശ്യങ്ങളും മനസിലാക്കി സഹായങ്ങൾ നൽകാനും സംഘങ്ങളെ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. 15 ദശലക്ഷം അമേരിക്കൻ ഡോളർ റോഹിങ്ക്യകള്‍ക്ക് വകയിരുത്താൻ സൽമാൻ രാജാവ് തീരുമാനിച്ചത്. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് റിലീഫ് കേന്ദ്രത്തിനു കീഴിൽ പല സഹായ പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള സഹായങ്ങൾ ഇതിലുണ്ട്. മ്യാൻമറിലെ റാഖെയിനില്‍ കഴിഞ്ഞ റമദാനില്‍ 19 ലക്ഷത്തോളം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.
ഇത് 11 ലക്ഷത്തിലധികം പേര്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. മലേഷ്യയിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകളെ സഹായിക്കാൻ ക്വോലാലംമ്പൂരിലെ സൗദി എംബസിയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. ദുരിതബാധിതരായ കുടുംബങ്ങൾക്കാവശ്യമായ സാധനങ്ങൾ കിറ്റിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റാഖെയിൻ സ്റ്റേറ്റിൽ നിന്ന് ഒഴിപ്പിച്ചവരെ മാറൂഖ്, യൂ, മീൻബിയ, ക്യുകതാവ്, ബുക്താവ് എന്നിവിടങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള ഒന്നാംഘട്ട പദ്ധതി വേൾഡ് ഒാർഗനൈസേഷൻ ഒാഫ് മൈഗ്രെഷനുമായി സഹകരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.
Post Your Comments