കണ്ണൂര്‍: ബാങ്ക് ഉപഭോക്താക്കള്‍ ഒരു കാരണവശാലും ഫോണിലൂടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറരുതെന്ന നിരന്തരമായ നിര്‍ദ്ദേശം നല്‍കിയിട്ടും തട്ടിപ്പുകാര്‍ കൂടുന്നു. കണ്ണൂരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് അക്കൗണ്ടുകളില്‍നിന്നായി 1.96 ലക്ഷം രൂപയാണ് നഷ്ടമായത്. കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍, പയ്യന്നൂരിലെ ഒരു ഡോക്ടര്‍, തലശ്ശേരി സ്വദേശി എന്നിവര്‍ക്കാണ് പണം നഷ്ടമായത്. കൃത്യമായ ആസൂത്രണത്തോടെയാണു തട്ടിപ്പെന്നാണ് പോലീസിനു ബോധ്യപ്പെട്ടത്. ആധാര്‍ ലിങ്ക് ചെയ്യാനെന്ന പേരിലാണ് അക്കൗണ്ടുടമകളെ തട്ടിപ്പുസംഘം സമീപിക്കുന്നത്. പണമുള്ള അക്കൗണ്ടിന്റെ ഉടമകളെ മാത്രമാണ് ബന്ധപ്പെടുന്നതെന്നത് ദുരൂഹതയുണ്ടാക്കുന്നുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ആധാര്‍ ലിങ്ക് തുടങ്ങിയവ ആന്‍ഡ്രോയിഡ് ഫോണില്‍ തെളിയുന്നരീതിയിലാണ് ഫോണ്‍ കോളുകള്‍ വരുന്നത്. പണം നഷ്ടമായവരില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസവും നല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഇന്റര്‍നെറ്റ് കൈകാര്യംചെയ്യാനറിയാവുന്നവരുമാണ്. പോലീസ് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുള്ള സംഘമാണ് പണം തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, 24 മണിക്കൂറിലേറെ കഴിഞ്ഞാണ് പരാതി ലഭിച്ചതെന്നതിനാല്‍ ഈ പണമൊന്നും തിരിച്ചുപിടിക്കാനായിട്ടില്ല.
8250094233, 7029271898 എന്നീ നമ്പറുകളില്‍നിന്നാണ് അടുത്ത ദിവസങ്ങളില്‍ തട്ടിപ്പുകോളുകള്‍ വന്നത്. ഫോണ്‍ കോളിന് പിന്നാലെ ഫോണില്‍ നാലക്ക വണ്‍ടൈം പാസ്‌വേഡ് നമ്പര്‍ സന്ദേശമായെത്തും. അത് പറഞ്ഞുകൊടുത്താല്‍ പണം നഷ്ടമാവും. നടപടി പൂര്‍ത്തിയാക്കാനെന്ന പേരില്‍ പലതവണകളായി ഫോണില്‍ വണ്‍ടൈം പാസ്‌വേഡ് വരും. അത് തട്ടിപ്പുകാര്‍ക്ക് പറഞ്ഞു കൊടുക്കുമ്പോള്‍ ഒരോ തവണയും എടിഎമ്മില്‍നിന്ന് തുക നഷ്ടമായിക്കൊണ്ടിരിക്കും. തട്ടിപ്പ് വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രമത്തിന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ സൈബര്‍സെല്ലില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പണം നഷ്ടമാവുന്നവര്‍ ബാങ്ക് ശാഖയില്‍ പരാതി നല്‍കണം. അവിടെനിന്ന് ലഭിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റും എടിഎം കാര്‍ഡ് നമ്പറും ചേര്‍ത്താണ് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കേണ്ടത്. ട്രൂകോളര്‍ ആപ്പില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് തട്ടിപ്പുകാരുടെ മൊബൈല്‍ നമ്പര്‍ കാണിക്കുന്നത്. ഈ പേരില്‍ സേവ് ചെയ്താണ് ഇങ്ങനെ വരുത്തുന്നത്. ഒന്നോ രണ്ടോ തട്ടിപ്പിനുശേഷം ഓരോ മൊബൈല്‍ നമ്പറും നശിപ്പിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഛത്തീസ്ഗഢ് പോലീസിന് ഇടപെടാന്‍ കഴിയാത്ത സ്ഥലത്താണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.
Post Your Comments