KeralaLatest News

ഓണച്ചന്തകളില്‍ 193 കോടി രൂപയുടെ വില്‍പ്പന നടന്നതായി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം ; കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി മുഖേനയും സഹകരണ സ്ഥാപനങ്ങള്‍ മുഖേനയും നടത്തിയ ഓണച്ചന്തകളില്‍ 193 കോടി രൂപയുടെ വില്‍പ്പന നടന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 3526 ഓണചന്തകള്‍ വഴി റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ നടന്നത്. സഹകരണ മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, മത്സ്യ തൊഴിലാളി സംഘങ്ങള്‍, എസ്.സി/എസ്.ടി സംഘങ്ങള്‍ മറ്റ് കാര്‍ഷിക സംഘങ്ങള്‍ എന്നിവയും ജീവനക്കാരുടെ സഹകരണ സ്ഥാപനങ്ങളും ഓണചന്തകള്‍ സംഘടിപ്പിച്ചു.

സബ്‌സിഡി നല്‍കിയ 13 ഇനങ്ങളുടെ വില്‍പ്പനയിലൂടെ 80.27 കോടി രൂപയാണ് ലഭിച്ചത്. സബ്‌സിഡി നല്‍കിയതിലൂടെ ഉണ്ടായ 27.53 കോടി രൂപയുടെ നഷ്ടം സഹിച്ചാണ് വില്‍പ്പന നടത്തിയത്. നോണ്‍ സബ്‌സിഡി സാധനങ്ങള്‍ ഓണച്ചന്തയുടെ ഭാഗമായി 30 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കി. 35.10 കോടി രൂപയുടെ നോണ്‍ സബ്‌സിഡി ഇനങ്ങള്‍ ഓണചന്തകളിലൂടെ വില്‍ക്കാനായി. സഹകരണ സ്ഥാപനങ്ങള്‍ നടത്തിയ ഓണച്ചന്തകളില്‍ കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും ലഭ്യമാക്കിയ ഇനങ്ങള്‍ക്ക് പുറമേ പ്രാദേശികമായി ലഭ്യമായ പപ്പടം, അച്ചാറ്, വിവിധയിനം ഉപ്പേരി, കൊണ്ടാട്ടം തുടങ്ങിയ കുടുംബശ്രീ ഉല്‍പന്നങ്ങളും വിറ്റഴിച്ചതായും സഹകരണ മന്ത്രി വ്യക്തമാക്കി.

പ്രാദേശികമായി കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ഏത്തക്കായ, പച്ചക്കറി എന്നിവയും ഓണചന്തകളില്‍ എത്തിച്ചിരുന്നു. പ്രാദേശിക തല ഉത്പന്നങ്ങളുടെ വില്‍പ്പനയിലൂടെ ലഭിച്ചത് 49.90 കോടി രൂപയാണ്. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ പരമാവധി വിലകുറച്ച് നല്‍കാനായതാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളിലൂടെ 193 കോടി രൂപയുടെ വില്‍പ്പന നടത്താനായതിന് കാരണമെന്ന് മന്ത്രി പറഞ്ഞു. വിപണി ഇടപെടലിന്റെ ഭാഗമായി ആഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 3 വരെയാണ് ഓണച്ചന്ത സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button