കൊല്ലം: ട്രെയിനിൽനിന്നു കായലിൽ വീണ എൻജിനീയറിങ് വിദ്യാർഥിനിക്ക് അദ്ഭുത രക്ഷപ്പെടൽ. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിനിയേയാണ് മീൻപിടുത്ത തൊഴിലാളികൾ സാഹസികമായി രക്ഷിച്ചത്.പരവൂര്‍ മാമൂട്ടിൽ പാലത്തിൽനിന്നാണ് വിദ്യാർഥി കായലിലേക്കു വീണത്.
രാവിലെ 9.45 ഓടെ കൊല്ലം–കന്യാകുമാരി മെമുവിൽ യാത്ര ചെയ്തിരുന്ന കൊല്ലത്തെ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് ട്രെയിനില്‍ നിന്നു പിടിവിട്ട് പരവൂർ കായലിലേക്കു വീണത്. പനിബാധിതയായതിനാൽ കോളജിൽനിന്നു തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കൈകകഴുകാൻ വേണ്ടി വാഷ്ബെയ്സന് അടുത്തേക്കു നടക്കുകയായിരുന്നു. ഈ സമയം മാമൂട്ടിൽ പാലത്തിൽ കയറിയ ട്രെയിൻ ഒന്ന് ഉലഞ്ഞു. അപ്പോൾ പിടിവിട്ടു പോയ വിദ്യാർഥിനി നേരെ കായലിലേക്കു തെന്നി വീഴുകയായിരുന്നു.
വിദ്യാർഥിനി വീഴുന്നത് പാലത്തിന്റെ മറുകരയിൽ നിന്ന ഒരാൾ കാണുകയും ഒച്ച വെച്ച് ആളെകൂട്ടുകയുമായിരുന്നു. കായലിൽ ഈ സമയം മീൻപിടുത്തത്തിൽ ഏർപെട്ടിരുന്ന തൊഴിലാളികൾ പാലത്തിനടുത്തേക്കു വള്ളത്തിൽ എത്തുകയും വിദ്യാർഥിനിയെ രക്ഷിച്ച് നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Post Your Comments