Latest NewsNewsGulf

ലോകത്തെ വീണ്ടും അതിശയിപ്പിക്കാനൊരുങ്ങി ദുബായ്

 

ദുബായ്: ലോകത്തെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. അംബര ചുംബികളായ മനോഹരമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ലോകത്തെ വിസ്മയിപ്പിച്ച ദുബായ് കടലിനടിയില്‍ ആഡംബര കൊട്ടാരം നിര്‍മ്മിച്ചാണ് ഇത്തവണ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലോകത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ ലക്ഷ്വറി വെസല്‍ റിസോര്‍ട്ടാണു കരയില്‍നിന്നു നാലുകിലോമീറ്റര്‍ അകലെ കടലില്‍ തീര്‍ത്ത കൃത്രിമ ദ്വീപായ വേള്‍ഡ് ഐലന്‍ഡ്‌സില്‍ ഒരുക്കുന്നത്.

അടുത്ത വര്‍ഷം ഇതിന്റെ പണി തുടങ്ങി 2020ഓടെ പണി പൂര്‍ത്തിയാക്കും. മധ്യപൂര്‍വദേശത്തിനു വെനീസ് അനുഭവം പകരുകയാണു ലക്ഷ്യം. കടലിനടിയില്‍ നിര്‍മ്മിക്കുന്ന ഈ മനോഹര സൗധം ദിവസവും 3000 അതിഥികളെ വരവേല്‍ക്കും. ബോട്ടിലും സീപ്ലെയ്‌നിലും ഹെലികോപ്റ്ററിലും മറ്റും റിസോര്‍ട്ടിലെത്താം. താമസസൗകര്യം, റസ്റ്ററന്റുകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന നാലിലേറെ ഡെക്കുകള്‍ ഉല്ലാസനൗക മാതൃകയിലുള്ള ആഡംബര സൗധത്തിലുണ്ടാകും. ഇതില്‍ ഒരെണ്ണം കടലിനടിയിലാണ്. നാല് ഡെക്കുകളിലായി 414 കാബിനുകള്‍. ജലത്തിനടിയിലുള്ള ഡെക്കിലെ കാബിനുകളിലൂടെ പവിഴപ്പുറ്റുകള്‍ കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

കടലില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ ബീച്ചുകളും സജ്ജമാക്കും. കടല്‍തട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്റ്ററന്റുകള്‍, ലോകത്തിലെ ആദ്യത്തെ കടലിനടിയിലെ സ്പാ തുടങ്ങിയവയും ആരംഭിക്കും. വെനീസില്‍നിന്ന് ഇറക്കുമതി ചെയ്ത ഗോണ്ടോള വഞ്ചികളാണു ദ്വീപിലെ തോടുകളില്‍ ഗതാഗതത്തിന് ഉപയോഗിക്കുക. അടുത്തവര്‍ഷം നിര്‍മ്മാണം തുടങ്ങി 2020 അവസാനത്തോടെ പൂര്‍ത്തിയാക്കാനാണു പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button