ചെന്നൈ: ബോധം കെടുത്താതെ മൂന്നു മണിക്കൂർ നീണ്ട തലച്ചോർ ശസ്ത്രക്രിയ. പത്തു വയസ്സുകാരി നന്ദിനിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. ബോധം കെടുത്താനുമാകില്ല. തലച്ചോർ നന്നായി പ്രവർത്തിപ്പിക്കേണ്ട മൊബൈൽ ഗെയിം കാൻഡിക്രഷ് സാഗാ കളിച്ച് അവൾ ആ മൂന്നര മണിക്കൂറിനെ നേരിട്ടു.
നന്ദിനിയെ അടിക്കടി ഉണ്ടാകുന്ന അപസ്മാരത്തിനു ചികിൽസ തേടിയാണു ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ മസ്തിഷ്കത്തിലെ പ്രധാന നാഡികളിൽ ട്യൂമർ കണ്ടെത്തി. ശരീരത്തിന്റെ ഇടതുഭാഗത്തെ അവയവങ്ങളെ നിയന്ത്രിക്കുന്ന ഭാഗത്തു കണ്ടെത്തിയ ട്യൂമർ നീക്കിയില്ലെങ്കിൽ ആ വശം തളർന്നുപോവുകയോ മസ്തിഷ്ക മരണം സംഭവിക്കുകയോ ചെയ്യാമായിരുന്നെന്നു ചികിൽസയ്ക്കു നേതൃത്വംനൽകിയ ഡോ.രൂപേഷ് കുമാർ പറഞ്ഞു.
ഇത്തരം ശസ്ത്രക്രിയ മുതിർന്ന രോഗികളിൽപോലും രണ്ടു ശതമാനം പേരിൽ മാത്രമാണ് നടത്തേണ്ടിവരിക. ഇത്തരത്തിൽ കുട്ടികളിൽ വളരെ അപൂർവമായേ ട്യൂമർ നീക്കംചെയ്തിട്ടുള്ളൂ. കുട്ടിയുടെ മാതാപിതാക്കൾ ബോധം കെടുത്താതെ ശസ്ത്രക്രിയ നടത്തുന്നതിൽ ആദ്യം എതിർപ്പു പ്രകടിപ്പിച്ചെങ്കിലും പുതുച്ചേരിയിൽ ഡോക്ടറായ അടുത്ത ബന്ധുവിന്റെ ഉറപ്പു ലഭിച്ചതോടെ രക്ഷിതാക്കൾ സമ്മതിച്ചു. ശസ്ത്രക്രിയയോടു നന്ദിനി പൂർണമായി സഹകരിച്ചു. കളിക്കുന്നതിടയിലും നിർദേശാനുസരണം കൈകാലുകൾ ചലിപ്പിച്ചു. മൂന്നര മണിക്കൂർ ശസ്ത്രക്രിയയ്ക്കിടയിൽ ഒരിക്കൽപോലും അവൾ പരിഭ്രമം കാട്ടിയില്ലെന്നു ഡോക്ടർമാർ പറയുന്നു.
Post Your Comments