KeralaLatest NewsNews

‘സത്യസന്ധതയ്ക്ക് നേരെയുള്ള കാര്‍ക്കിച്ചു തുപ്പലായിരുന്നു ആ ലേഖനം; സെബാസ്റ്റ്യന്‍ പോളിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.പി ബഷീര്‍

 

കൊച്ചി : സത്യസന്ധയ്ക്ക് നേരെയുള്ള കാര്‍ക്കിച്ച് തുപ്പലായിരുന്നു ആ ലേഖനം. ദിലീപിനെ അനുകൂലിച്ച് ലേഖനമെഴുതിയ മുന്‍ സിപിഐഎം എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം പി ബഷീര്‍ രംഗത്ത്. വാര്‍ത്തയുടെ കാര്യത്തില്‍ സ്ഥാപനം ഇതുവരെ സ്വീകരിച്ച സത്യസന്ധതയെ മാറ്റി മറിക്കുന്നതാണ് സെബാസ്റ്റ്യന്‍ പോളിന്റെ ആ ഒറ്റ ലേഖനമെന്ന് എം പി ബഷീര്‍ പറയുന്നു. സെബാസ്റ്റ്യന്‍ പോള്‍ ചീഫ് എഡിറ്റര്‍ ആയിട്ടുള്ള ഓണ്‍ലൈന്‍ സ്ഥാപനത്തിലെ മുന്‍ സിഇഒയും ചീഫ് എഡിറ്ററും കൂടിയാണ് എം പി ബഷീര്‍.

സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള അനിശ്ചിതത്വങ്ങളെയും കുറച്ചെങ്കിലും മഞ്ഞപുരട്ടമെന്ന സമ്മര്‍ദ്ദങ്ങളെയും ആ ടീം അതിജീവിച്ചത് ജേണലിസത്തോടുള്ള സത്യസന്ധത മുറുകെ പിടിച്ചാണെന്ന് ബഷീര്‍ പറയുന്നു. പിഴവുകള്‍ ഒന്നും പറ്റിയിട്ടില്ലെന്നല്ല. സാമൂഹ്യമായ കരുതലാണ് ആ ചെറിയ ന്യൂസ് റൂമിന്റെ രാഷ്ട്രീയം. നമ്മുടെ സമൂഹത്തെ കൂടുതല്‍ ജീവിക്കാന്‍ കൊള്ളാവുന്നതാക്കാന്‍ നടക്കുന്ന എണ്ണമറ്റ പ്രയത്‌നങ്ങളുടെ ഒരു തുള്ളിയെങ്കിലും ആവുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

എഴുതി തയ്യാറാക്കാതെ തന്നെ, ജേണലിസ്്റ്റുകളുടെ സാമൂഹ്യബോധം കൊണ്ട്, നമുക്ക് നടപ്പിലാക്കാന്‍ കഴിയുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ തന്നെ പറയാറുണ്ടായിരുന്ന സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ സംഹിതയില്‍നിന്നുള്ള പിന്‍മാറ്റമാണിത്. സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മുതല്‍ ട്രെയിനി ജേണലിസ്റ്റുകള്‍വരെയുള്ളവര്‍ ചീഫ് എഡിറ്ററെ തള്ളിപറയുന്നത് അതുകൊണ്ടാണ്. സെബാസ്റ്റ്യന്‍പോളിന്റെ വിശ്വാസ്യത വേറെ വിഷയമാണ്. 23 ലക്ഷത്തിലേറെ മാസാന്ത വായനക്കാരുണ്ടായിരുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ് പ്രധാനം. ആ വിശ്വാസ്യത നിലനിര്‍ത്താന്‍ സെബാസ്റ്റ്യന്‍ പോള്‍ ചീഫ് എഡിറ്റര്‍ സ്ഥാനം ഒഴിയുകയാണ് നല്ലതെന്നും ബഷീര്‍ പറഞ്ഞു.

സ്ഥാപനം ദിലീപിനനുകൂലമായ ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സെബാസ്റ്റ്യന്‍ പോളിനെ വിമര്‍ശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. സ്ഥാപനത്തിലെ തന്നെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സെബാസ്റ്റ്യന്‍ പോളിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയുടെ കേസുമായും യേശു ക്രിസ്തുവിനോട് പോലും ദിലീപിന്റെ അവസ്ഥയെ സെബാസ്റ്റ്യന്‍ പോള്‍ താരതമ്യം ചെയ്തിരുന്നു. ദിലീപിന് വേണ്ടി സഹതാപതരംഗം സൃഷ്ടിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച സെബാസ്റ്റിയന്‍ പോള്‍ ദിലീപിനെ അനുകൂലിക്കുന്നവര്‍ക്കൊപ്പമാണ് താന്‍ നിലകൊള്ളുന്നതെന്നും പറഞ്ഞു. ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണമെന്നും ലേഖനത്തില്‍ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button