Latest NewsNewsInternational

ഉത്തരകൊറിയ പരീക്ഷിച്ച ബോംബിന് ഹിരോഷിമയെ തകര്‍ത്ത ബോംബിന്റെ എട്ടിരട്ടി പ്രഹരശേഷി : ലോക രാഷ്ട്രങ്ങള്‍ ആശങ്കയില്‍

 

സോള്‍ : എല്ലാവിധ താക്കീതുകളും ഉപരോധങ്ങളും അവഗണിച്ച് ഉത്തരകൊറിയ വീണ്ടും ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതോടെ ആശങ്കയിലായതു ലോകരാജ്യങ്ങളാണ്. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ‘ലിറ്റില്‍ ബോയ്’ അണുബോംബിന്റെ (15 കിലോ ടണ്‍) എട്ടിരട്ടി (120 കിലോ ടണ്‍) സംഹാരശേഷിയുള്ളതായിരുന്നു ഇന്നലത്തെ പരീക്ഷണമെന്നു യൂറോപ്പിലെ ഭൂചലന വിദഗ്ധര്‍ വിലയിരുത്തുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളില്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ സ്‌ഫോടനം 6.3 തീവ്രത രേഖപ്പെടുത്തി. അതു തങ്ങള്‍ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണമാണെന്ന് ഉത്തരകൊറിയ വെളിപ്പെടുത്തുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നു. അതിന്റെ പത്തിരട്ടി ശേഷിയുള്ളതാണ് ഇന്നലത്തെ ബോംബ്.

ഉത്തരകൊറിയയുടെ ആറാമത്തെ അണുബോംബ് പരീക്ഷണമാണിതെന്ന പ്രത്യേകതയുമുണ്ട്. ഇതുവരെ നടത്തിയതില്‍ ഏറ്റവും ശക്തവും. ഉത്തരകൊറിയ ഈ വര്‍ഷം ഇതുവരെ രണ്ടു തവണ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു കഴിഞ്ഞു. ഇവ യുഎസ് വരെ എത്തുമെന്നാണ് അവകാശവാദം. ഈയിടെ പരീക്ഷിച്ച 10,000 കിലോമീറ്ററിലേറെ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണു പുതിയതരം ബോംബ് നിര്‍മിക്കുന്നതെന്ന വെളിപ്പെടുത്തല്‍ യുഎസിനുള്ള മുന്നറിയിപ്പാണെന്നു വ്യക്തം.

അതേസമയം ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസിനോ സഖ്യകക്ഷികള്‍ക്കോ ഭീഷണിയുണ്ടായാല്‍ പ്രതികരിക്കുമെന്ന് പെന്റഗണ്‍ മേധാവി ജയിംസ് മാറ്റിസ് വ്യക്തമാക്കി. സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കെ ദക്ഷിണകൊറിയയും സൈനിക ഒരുക്കങ്ങള്‍ ശക്തമാക്കി. ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ മേഖല ലക്ഷ്യംവച്ചുള്ള മിസൈല്‍ അഭ്യാസങ്ങളും ദക്ഷിണകൊറിയ നടത്തി.

ദീര്‍ഘദൂര ഭൂതല മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ദക്ഷിണകൊറിയ പരീക്ഷിച്ചത്. ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ മേഖല ഉന്നമിട്ടുള്ള പരീക്ഷണങ്ങള്‍ കൊറിയന്‍ മുനമ്പിലെ അശാന്തി തെളിയിക്കുന്നതാണ്. അമേരിക്കന്‍ സേനയുമായി ചേര്‍ന്ന് കൂടുതല്‍ കരുത്തുറ്റ പ്രകടനങ്ങള്‍ ഉടനുണ്ടാകുമെന്ന സൂചനയും ദക്ഷിണകൊറിയ നല്‍കി.

പ്രസിഡന്റ് ഡോണള്‍ഡ് ട്രാംപിന്റെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ യോഗം ചേര്‍ന്ന് അമേരിക്കയും സ്ഥിതിഗതികള്‍ വിലയിരുത്തി. യുഎസിനോ സഖ്യകക്ഷികള്‍ക്കോ ഉത്തരകൊറിയ ഭീഷണിയുയര്‍ത്തിയാല്‍ സൈനിക പ്രതികരണമുണ്ടാകുമെന്ന് പെന്റഗണ്‍ മേധാവി ജയിംസ് മാറ്റിസ് പ്രഖ്യാപിച്ചു. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ജപ്പാനും രംഗത്തെത്തി. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

എന്താണ് ഹൈഡ്രജന്‍ ബോംബ് ?

സാധാരണ അണുബോംബുകള്‍ അണു വിഘടനത്തിലൂടെ സ്‌ഫോടനം നടത്തുമ്പോള്‍ അണുസംയോജനത്തിലൂടെയാണ് ഹൈഡ്രജന്‍ ബോംബ് സ്‌ഫോടനം. പലമടങ്ങ് ശക്തിയേറിയവയാണ് ഇവ, വലുപ്പം കുറവും. ആണവായുധങ്ങളില്‍ ഏറ്റവും അപകടകാരിയാണു തെര്‍മോ ന്യൂക്ലിയര്‍ ബോംബ് അഥവാ ഹൈഡ്രജന്‍ ബോംബ്. ഹൈഡ്രജന്‍ ഐസോടോപ്പുകളായ ഡ്യൂട്ടീരിയം, ട്രീഷിയം എന്നിവയുടെ സംയോജനത്തിലൂടെയാണ് (ന്യൂക്ലിയര്‍ ഫ്യൂഷന്‍) ബോംബിന്റെ പ്രവര്‍ത്തനം. ഇന്നുവരെ പരീക്ഷിച്ചിട്ടുള്ളതില്‍ ഏറ്റവും മാരകമായ ബോംബ് പഴയ യുഎസ്എസ്ആര്‍ (റഷ്യ) നിര്‍മിച്ച ആര്‍ഡിഎസ് 220 ഹൈഡ്രജന്‍ ബോംബാണ്. സ്‌ഫോടനശേഷി 50 മെഗാടണ്‍ (500 ലക്ഷം ടണ്‍).

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button