നിലമ്പൂര്‍: ഭാഗ്യദേവത ആദ്യം കടാക്ഷിച്ചത് ആയിരത്തിന്റെ രൂപത്തില്‍ പിന്നീട് 70 ലക്ഷത്തിന്റെ രൂപത്തിലും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഈയാഴ്ചത്തെ ഒന്നാംസമ്മാനമാണ് പോത്തുകല്ലിലെ യുവകര്‍ഷകന് ലഭിച്ചത്. പോത്തുകല്ല് ശാന്തിഗ്രാമിലെ വടക്കേടത്ത് അപ്പാഡേയില്‍ സന്തോഷി(34)നാണ് 70 ലക്ഷം രൂപ ലഭിച്ചത്.
ഇടയ്ക്കുമാത്രം ലോട്ടറിടിക്കറ്റ് എടുക്കുന്ന സന്തോഷ് കഴിഞ്ഞദിവസം ലോട്ടറിയില്‍നിന്ന് സമ്മാനമായി ലഭിച്ച 1000 രൂപയില്‍നിന്ന് 12 ടിക്കറ്റിന്റെ ഒരുസെറ്റ് എടുത്തിരുന്നു. അതിലൊന്നിനാണ് ഇത്തവണ ഒന്നാംസമ്മാനം ലഭിച്ചത്. അവശേഷിക്കുന്ന 11 ടിക്കറ്റിനും സമാശ്വാസസമ്മാനമായി 10,000 രൂപവീതം ലഭിക്കും.
കൃഷിയാണ് സന്തോഷിന്റെ മുഖ്യതൊഴില്‍. വാഴ, കവുങ്ങ്, റബ്ബര്‍ എന്നിവയാണ് പ്രധാന കൃഷി. ഒരേക്കര്‍ സ്വന്തമായുള്ള സ്ഥലത്തിനുപുറമെ പാട്ടത്തിനെടുത്ത് വാഴക്കൃഷിയും ചെയ്യുന്നുണ്ട്. നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡിലെ മൊത്ത ലോട്ടറിക്കച്ചവടം ചെയ്യുന്ന ബാലചന്ദ്രന്റെ സൗഭാഗ്യ ഏജന്‍സിയില്‍നിന്നെടുത്ത് വിതരണംചെയ്യുന്ന തുടിമുട്ടിയിലെ വിശ്വനാഥനില്‍നിന്നാണ് സന്തോഷ് ടിക്കറ്റെടുത്തത്. ടിക്കറ്റ് പോത്തുകല്ലിലെ സര്‍വീസ് സഹകരണബാങ്കില്‍ ഏല്‍പ്പിച്ചു. സമ്മാനംകിട്ടിയ പണമുപയോഗിച്ച് കുറച്ച് സ്ഥലംവാങ്ങി വീടുവെക്കണമെന്നും ബിരുദാനന്തര ബിരുദധാരിയായ ഭാര്യ വിജിയുടെ തുടര്‍പഠനത്തിനും ജോലിക്കുമായി ചെലവിടണമെന്നുമാണ് സന്തോഷിന്റെ ആഗ്രഹം.
Post Your Comments