Latest NewsKeralaNewsEditorial

പ്രതീക്ഷകളും കണക്കുകൂട്ടലുകളും അസ്ഥാനത്താക്കി കേന്ദ്ര മന്ത്രിസഭ പുനഃസംഘടന; അൽഫോൻസ് കണ്ണന്താനത്തിലൂടെ കേരളത്തിന് മോദി നൽകുന്ന സന്ദേശം

തിരുവനന്തപുരം: പ്രതീക്ഷകളും കണക്കുകൂട്ടലുകളും അസ്ഥാനത്താക്കി കേന്ദ്ര മന്ത്രിസഭ പുനഃസംഘടന. 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ടീം മോദി മുഖം മിനുക്കിയിരിക്കുന്നത്. മിക്കവരും ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമായിരുന്നവരാണ്. തനി രാഷ്ട്രീയക്കാരിൽനിന്നും പ്രൊഫഷണലുകളെ കൂടുതലായി മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് രാജ്യപുരോഗതിക്ക് നേട്ടമാകും.

ഐഎഎസ് ഉദ്യോഗസ്‌ഥനെന്ന നിലയിൽ അഴിമതിക്കെതിരെ നടത്തിയ സമരങ്ങളുടെ പേരിൽ ഇടത്തരക്കാരുടെ ആരാധനാപാത്രമായ വ്യക്തിയാണ് 1979ലെ ഐഎഎസ് ബാച്ചുകാരനായ അറുപത്തിനാലുകാരനായ അൽഫോൻസ് കണ്ണന്താനം. അൽഫോൻസ് കണ്ണന്താനത്തിലൂടെ കേരളത്തിന് മോദി നൽകുന്ന സന്ദേശം വളരെ വലുതാണ്. ഇന്ത്യയിൽ ആദ്യമായി ഒരു നഗരത്തെ സമ്പൂർണ സാക്ഷരമാക്കി തീർത്ത, ഡൽഹിയിലെ പതിനാലായിരത്തിലധികം അനധികൃത കെട്ടിടങ്ങളെ ഇടിച്ചു നിരത്തിയ, ടൈം മാഗസിൻ നൂറ് ആഗോള നേതാക്കളിൽ ഒരാളായി തെരഞ്ഞെടുത്ത വ്യക്തിത്വമാണ് അൽഫോൻസ് കണ്ണന്താനം.

ഐ എ എസ് ഓഫീസർ, മുൻ സി പി എം എം എൽ എ എന്ന് തുടങ്ങി വിശേഷണങ്ങള്‍ ഒരുപാടുണ്ട് കണ്ണന്താനത്തിന്. എങ്ങനെ ഭരിക്കണം എങ്ങനെ ‘ഞെട്ടിക്കണം’ എന്ന് കൃത്യമായി അറിയുന്നയാളാണ് കണ്ണന്താനം. ഏത് വകുപ്പ് കിട്ടിയാലും കേരളത്തില്‍ പറന്ന് നടന്ന് ഇനി ഇടതു സര്‍ക്കാറിന്റെ ഉറക്കം കെടുത്തും ഈ ‘ ഐ എ എസ് ‘ മന്ത്രി എന്ന കാര്യത്തിൽ തർക്കം വേണ്ട.

1994-ൽ ജനശക്തി എന്ന സന്നദ്ധ സംഘടനക്ക് ഇദ്ദേഹം രൂപം നൽകി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ 100 യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇൻറർനാഷണൽ മാഗസിൻ തിരഞ്ഞെടുക്കുകയുണ്ടായി. 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തിൽ നിന്നും എംഎല്‍എ ആയി.

സിവിൽ സർവീസിൽനിന്ന് വിരമിക്കാൻ ഏഴു വർഷം അവശേഷിക്കെ സ്ഥാനമാനങ്ങളെല്ലാം രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങി കേരളത്തെ ഞെട്ടിച്ചതാണ് കണ്ണന്താനം. ലാൻഡ് റവന്യൂ കമ്മിഷണർ ആയിരിക്കെ ഇടതു രാഷ്ട്രീയം ലക്ഷ്യമിട്ടായിരുന്നു രാജി. തുടർന്ന് 2006ൽ സിപിഎം സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽനിന്ന് നിയമസഭയിലെത്തി. 2011 ലാണ് അദ്ദേഹം ബി ജെ പിയിലെത്തിയത്. ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനത്തും. നരേന്ദ്രമോദി സർക്കാരിലെ ആദ്യത്തെ മലയാളി സാന്നിധ്യമാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള അൽഫോൺസ് കണ്ണന്താനം.

ഐഎഎസുകാരനായിരിക്കെ ഭരണ നടപടികളുടെ പേരിൽ കണ്ണന്താനം ഡൽഹിയിലും കേരളത്തിലും വിവാദ നായകനായിട്ടുണ്ട്. ഡൽഹിയിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചു നിരത്തി ശ്രദ്ധപിടിച്ചുപറ്റി. ഫയലുകൾക്കപ്പുറത്തെ മനുഷ്യജീവിതത്തെ അറിയാനാണ് ഐഎഎസ് ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതെന്നായിരുന്നു രാജിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. കോട്ടയം ജില്ലാ കലക്ടറായിരിക്കെ കോട്ടയം ജില്ലയ്ക്ക് 100 ശതമാനം സാക്ഷരത സമ്മാനിക്കാനുള്ള നടപടികളിലൂടെ ശ്രദ്ധേയനായി.

അല്‍ഫോണ്‍സ് കണ്ണന്താനം, അശ്വനി കുമാര്‍, ശിവപ്രതാപ് ശുക്ല ,അനന്ത് കുമാര്‍ ഹെഗ്‌ഡെ, ഹര്‍ദീപ് സിങ്പരി, സത്യപാല്‍ സിങ് എന്നിവരാണ് പുതിയ മന്ത്രിമാര്‍. രാവിലെ 10ന് രാഷ്ട്രപതി ഭവനിലെ അശോക ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button