ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമായി. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എട്ട് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ സംഘടനാ സെക്രട്ടറി രാം ലാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
നിലവില്‍ കേന്ദ്ര മന്ത്രിസഭയില്‍ നിരവധി ഒഴിവുകളുണ്ട്. പ്രതിരോധം, നഗരവികസനം, വാര്‍ത്താവിതരണം, പരിസ്ഥിതി തുടങ്ങിയ സുപ്രധാന വകുപ്പുകളെല്ലാം ഇപ്പോള്‍ അധിക ചുമതലയായി മറ്റ് മന്ത്രിമാരെ ഏല്‍പ്പിച്ചിരിക്കുകയാണ്. . മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല.വെങ്കയ്യ നാഡിയു ഉപരാഷ്ട്രപതിയായതോടെ വാര്‍ത്താവിതരണ വകുപ്പ് സ്മൃതി ഇറാനിക്കും നഗര വികസനം നരേന്ദ്ര തോമറിനും കൈമാറി. അഞ്ച് വകുപ്പുകളാണ് തോമറിനുള്ളത്. പരിസ്ഥിതി മന്ത്രിയായ അനില്‍ മാധവ് ദവെയുടെ മരണത്തിന് ശേഷം വകുപ്പിന്റെ ചുമതല ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധനാണ്.
മുതിര്‍ന്ന മന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, നിര്‍മലാ സീതാരാമന്, പ്രകാശ് ജാവദേക്കര്‍, ജെ.പി.നഡ്ഢ ഉള്‍പ്പെടെയുള്ള മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പുനഃസംഘടന നടത്തുമ്പോള്‍ ഏതൊക്കെ വകുപ്പുകളിലാണ്, ആരെയൊക്കെയാണ് മാറ്റം വരുത്തേണ്ടത് എന്ന കാര്യമാണ് യോഗത്തിന്റെ മുഖ്യ അജണ്ടയായി നിശ്ചയിച്ചിരിക്കുന്നത്.
അതിര്‍ത്തിയിലെ സുരക്ഷാ പ്രശ്നങ്ങള്‍,ജിഎസ്ടി തുടങ്ങിയ കാര്യങ്ങള്‍ കാരണം പ്രതിരോധവും ധനകാര്യവും ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് ജയ്റ്റ്ലിക്ക് പ്രായസം സൃഷ്ടിക്കുന്നുണ്ട്. ഇതിനു പുറമെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചുമതലയേല്‍പ്പിച്ചിരിക്കുന്നത് അരുണ്‍ ജയ്റ്റ്ലിയെയാണ്. പ്രകാശ് ജാവദേക്കറിനാണ് കര്‍ണാടകയുടെ ചുമതല. ഇതും കേന്ദ്രമന്ത്രിസഭ പുനഃസംഘടന വേഗത്തിലാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
Post Your Comments