കോട്ടൂർ ആദിവാസി ഊരിലെ അംഗങ്ങൾ ഇത്തവണയും പതിവു തെറ്റിക്കാതെ തിരുവിതാംകൂർ രാജകുടുംബത്തെ സന്ദർശിക്കാനെത്തി.
കാണി വിഭാഗത്തിൽപ്പെട്ട പാറ്റാമ്പാറ, അണകാൽ, പൊട്ടോട്, എറമ്പിയാട്, ആമല തുടങ്ങിയ വിവിധ ഊരുകളിലെ 49 പേരടങ്ങുന്ന സംഘമാണ് ഇത്തവണയും കവടിയാർ കൊട്ടാരത്തിൽ രാജകുടുംബത്തെ സന്ദർശിച്ചത്.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കാടിന്റെ മക്കളുടെ ഓണക്കാലത്തുള്ള ഈ രാജകുടുംബ സന്ദർശനത്തിന്.ഇപ്പോൾ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണു ചടങ്ങുകൾ.തലേന്നുതന്നെ ദൂരെയുള്ള ഊരുകളിലെ അംഗങ്ങൾ ക്ഷേത്രത്തിലെത്തും.എല്ലാവരും എത്തിയിട്ടുള്ള പൂജയ്ക് ശേഷമാണ് ഇവർ രാജകുടുംബത്തെ കാണാൻ യാത്ര തിരിക്കുന്നത്.
ഓണക്കാഴ്ചകളായി മുളംകുറ്റിയിൽ അടച്ച കാട്ടുതേൻ, പെരുന്തേൻ, പുറ്റ്തേൻ, തൂക്കുതേൻ എന്നിവയും നെല്ലിക്ക, ഇഞ്ചി, മഞ്ഞൾ, വാഴക്കുല തുടങ്ങിയവയുമുണ്ട്.ഈറ്റയിലും ചൂരലിലും നിർമിച്ച കുട്ട, പെട്ടി, പൂക്കൂട എന്നിവയും ഇക്കൂട്ടത്തിലുണ്ട്.രാജ കുടുംബത്തിനെ പ്രതിനിധീകരിച്ചു പൂയം തിരുനാൾ ഗൗരി പാർവതിബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, ആദിത്യവർമ എന്നിവർ കോട്ടൂർ സംഘത്തെ സ്വീകരിച്ചു ഓണസദ്യ, പുതുവസ്ത്രങ്ങൾ, ദക്ഷിണ എന്നിവ നൽകിയാണു മടക്കി അയച്ചത്.
Post Your Comments