
തിരുവനന്തപുരം: കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഡോ. എം.ടി. റെജുവിനെ സര്‍ക്കാര്‍ സ്ഥാനത്തു നിന്ന് മാറ്റി. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മാറ്റാന്‍ കാരണം. പകരം പരീക്ഷാ കമ്മിഷണറുടെ ചുമതല ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടര്‍ എം.എസ്. ജയയ്ക്ക് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
സാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ഇതിനിടെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും പ്രവേശന പരീക്ഷാ കമ്മീഷണറെയും ശാസിച്ച് ഹൈക്കോടതി രംഗത്തു വന്നു.
സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ കളിപ്പാവയായി മാറുന്നുവെന്നും പല കോളേജുകളെയും സഹായിക്കാന്‍ ശ്രമം നടക്കുന്നതായും ഒരു ഘട്ടത്തില്‍ കോടതി പറഞ്ഞു. കോടതീയലക്ഷ്യ നടപടികള്‍ നേരിടാന്‍ തയ്യാറാകണമെന്നും ഓര്‍മിപ്പിച്ചിരുന്നു.
കൂടാതെ സുപ്രീംകോടതി മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷമാക്കിയതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. സുപ്രീംകോടതിയില്‍ വേണ്ട രീതിയില്‍ കേസ് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഇതോടെ ഉയര്‍ന്നു. ഇതെല്ലാം മാറ്റാന്‍ കാരണമായതായാണു സൂചന.
Post Your Comments